കായികമാണ് ലഹരി: ലഹരി വിരുദ്ധ പ്രചാരണവുമായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ
ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായികമാണ് ലഹരി എന്ന സന്ദേശത്തോടെയുള്ള ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ഭാഗമായി ത്രിതലപഞ്ചായത്ത് തലങ്ങളിൽ ഏപ്രിൽ 27 ന് കൂട്ടയോട്ടം സംഘടിപ്പിക്കും. കളക്ട്രേറ്റ് എക്‌സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. യുവാക്കളെ കായിക മേഖലയിലേക്ക് തിരിച്ചു വിടുന്നതിനാവശ്യമായ ഇടങ്ങളും സൗകര്യങ്ങളും കായികമാണ് ലഹരി എന്ന ആശയത്തെ മുൻനിർത്തി ഒരുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്പോർട്സിന് വേണ്ടി ഭൂമി ഏറ്റെടുക്കൽ അടക്കമുള്ള കാര്യങ്ങളിൽ സഹകരണം ഉണ്ടാകുമെന്ന് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ക്യാമ്പയിനിന്റെ ജില്ലാ തലത്തിൽ മാരത്തോൺ, വിവിധ കായിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. സംസ്ഥാന സ്പോർട്സ് കൗൺസിൽ നടത്തുന്ന സംസ്ഥാന തല പ്രചരണ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകുവാനും തീരുമാനമായി. കായിക താരങ്ങൾ അടക്കമുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കി പരിപാടികൾ നടത്തുന്നതിനു സംഘാടക സമിതികൾ രൂപികരിക്കും.
സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ. ശ്രീകുമാർ വിഷയാവതരണം നടത്തി. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, സെക്രട്ടറി എസ് രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. യുവജന വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, കായിക താരങ്ങൾ, പരിശീലകർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments