ജലക്ഷാമത്തിന് പരിഹാരം; ചാലക്കൽ പാറയിൽ പറച്ചാൽ വെള്ളമെത്തി
തോളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം പറച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പൈപ്പ് ലൈൻ നീട്ടൽ ഉദ്ഘാടനം എട്ടാം വാർഡ് ചാലക്കൽ പാറ പരിസരത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല കുഞ്ഞുണ്ണി നിർവ്വഹിച്ചു . വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷീന വിൽസൺ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.ജി. പോൾസൺ പദ്ധതി വിശദീകരണം നടത്തി.
വർഷങ്ങൾക്ക് മുമ്പേ പഞ്ചായത്തിലാദ്യമായി പത്താം വാർഡിൽ നടപ്പിലാക്കിയ പറച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ വഴി പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കും കുടിവെള്ള ആവശ്യങ്ങൾക്കും ഉപയോഗപ്പെട്ടിരുന്നു. ചാലക്കൽ ഭാഗത്ത് ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന ചാലക്കൽ പാറ ഭാഗത്തേക്ക് വെള്ളം എത്തിക്കാൻ 2023-24 ൽ 300 മീറ്ററും 2024- 25 ൽ 400 മീറ്ററും ലിഫ്റ്റിൻ്റെ പൈപ്പ് ലൈനാണ് നീട്ടിയത്. പ്രദേശത്തെ ജലസമ്പുഷ്ടമാക്കുകയും കിണറുകളിൽ വെള്ളം വേനൽക്കാലത്തും വറ്റാതെ ഏവർക്കും വെള്ളം ലഭ്യമാക്കുക എന്നതുമാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണഭോക്താക്കൾ ഈ പദ്ധതി ഏറ്റവും നല്ല രീതിയിൽ നടത്തികൊണ്ടുപോകേണ്ടതുണ്ടെന്ന് പ്രസിഡൻ്റ് ഓർമ്മിപ്പിച്ചു. കൂടാതെ പഞ്ചായത്തിൻ്റെ ആറാമത്തെ ലിഫ്റ്റ് ആയ പോന്നോർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉടൻതന്നെ പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാൻ തയ്യാറായതായി പ്രസിഡൻ്റ് അറിയിച്ചു.
പറച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ കൺവീനർ ഔസേപ്പച്ഛൻ കുണ്ടുകുളങ്ങര, പഞ്ചായത്തംഗങ്ങളായ സരസമ്മ സുബ്രഹ്മണ്യൻ, വി.കെ. രഘുനാഥൻ , ഷീന തോമസ്, ആസുത്രണ സമിതിയംഗം കെ. കുഞ്ഞുണ്ണി, നോർത്ത് പടവ് പാടശേഖര സമിതി കൺവീനർ സുനിൽ പോവിൽ, പ്രിയ സുനിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.
- Log in to post comments