കണക്ട് ടു സെര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു
സാധാരണക്കാര്‍ക്ക് സൗജന്യ നിയമസേവനം ലഭ്യമാക്കുന്നതിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയായ കണക്ട് ടു സെര്‍വ് പദ്ധതി കോന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ സെഷന്‍സ് ജഡ്ജി ജോണ്‍ കെ.ഇല്ലിക്കാടന്‍ ഉദ്ഘാടനം ചെയ്തു.
കോന്നി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി ആര്.ജയകൃഷ്ണന്, ജില്ലാ ഗവണ്മെന്റ് പ്ലീഡര്‍ എ.സി.ഈപ്പന്, വിവിധ തദ്ദേശഭരണ ഭാരവാഹികളായ മോഹനന് കാലായില്‍, ദീനാമ്മ റോയി, അനി സാബു തോമസ്, ടി.സൗദാമിനി, അഡ്വക്കേറ്റ് ക്ലര്‍ക്ക് അസോസിയേഷന് പ്രസിഡന്റ് കെ.കെ.സുരേഷ്, കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.ശാന്തി തുടങ്ങിയവര്‍ പങ്കെടുത്തു.
ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സൗജന്യ നിയമസേവനം സംബന്ധിച്ച അറിവുകള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുമായി ചേര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രത്യേക ബോധവത്ക്കരണ ക്ലാസുകള്‍ ഒരാഴ്ചക്കാലം സംഘടിപ്പിക്കും. സൗജന്യ നിയമസഹായം സാധാരണക്കാര്‍ക്ക് ലഭ്യമാക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും എത്തിക്കുകയും നിരാലംബരായ ആള്‍ക്കാര്‍ക്ക് നിയമസേവനം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുകയുമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.
(പിഎന്‍പി 3017/17)
- Log in to post comments