നൂറ് ശതമാനംഓൺലൈൻ പോക്കുവരവിന് സജ്ജമായി എറണാകുളം
കൊച്ചി: ഭൂരേഖകളുടെ ഡിജിറ്റൽവൽക്കരണം പൂർത്തിയാക്കി നൂറ് ശതമാനം ഓൺലൈൻ പോക്കുവരവ് സാധ്യമാക്കിയ ജില്ലയെന്ന ബഹുമതി എറണാകുളത്തിന്. ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ളയുടെ നേതൃത്വത്തിൽ റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പ് ജീവനക്കാർ കഴിഞ്ഞ ഒരു വർഷമായി നടത്തുന്ന പരിശ്രമമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. സംയോജിത ലാൻഡ് ഇൻഫർമേഷൻ സിസ്റ്റമായ ഭൂരേഖ വഴി നടപ്പാക്കുന്ന പദ്ധതി വില്ലേജ് ഓഫീസുകളിലെ സങ്കീർണമായ നടപടിക്രമങ്ങൾ ലഘൂകരിക്കാനും കാലതാമസം ഒഴിവാക്കാനും സഹായിക്കുമെന്ന് കളക്ടർ പറഞ്ഞു.
ജില്ലയിലെ ഏഴ് താലൂക്കുകളിലായി 127 വില്ലേജ് ഓഫീസുകളും 25 സബ് രജിസ്ട്രാർ ഓഫീസുകളുമാണ് പദ്ധതിക്കായി സജ്ജമായത്. വില്ലേജ് ഓഫീസുകളിൽ ഭൂനികുതിയും മറ്റ് റവന്യൂ കുടിശികകളും ഓൺലൈനിൽ സ്വീകരിക്കാനും ഈ പദ്ധതിയിൽ കഴിയും. നവംബർ ഒന്നിനു തന്നെ ഓൺലൈൻ സംവിധാനം നിലവിൽ വന്നെങ്കിലും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷമാണ് ജില്ലാ ഭരണകൂടം ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റീസർവേ പൂർത്തിയായ 74 വില്ലേജുകളിലും പൂർത്തിയാകാത്ത 53 വില്ലേജുകളിലുമായി 43,50,322 അടിസ്ഥാന നികുതി, തണ്ടപ്പേര് രജിസ്റ്ററുകളാണ് പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽവൽക്കരിച്ചത്.
വില്ലേജ് ഓഫീസിൽ നിന്നും തണ്ടപ്പേരിന്റെ പകർപ്പ് വാങ്ങി അതിന്റെ അടിസ്ഥാനത്തിൽ നടത്തിയിട്ടുള്ള ആധാരങ്ങളുടെ പോക്കുവരവ് പ്രത്യേക അപേക്ഷ നൽകാതെ തന്നെ 15 ദിവസത്തിനുള്ളിൽ സാധ്യമാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ ആധാരത്തിന്റെ കോപ്പിയും പോക്കുവരവിനുള്ള അപേക്ഷയും സബ് രജിസ്ട്രാറിൽ നിന്നും വില്ലേജ് ഓഫീസർക്ക് ലഭിക്കും. ഇവ പരിശോധിച്ച് ആവശ്യമെങ്കിൽ തഹസിൽദാർക്ക് ഓൺലൈനായി തന്നെ കൈമാറുന്നതടക്കമുള്ള തുടർനടപടികളിലൂടെ നിശ്ചിത സമയപരിധിക്കുള്ളിൽ പോക്കുവരവ് പാസാക്കി കരം അടപ്പിക്കുന്നതിനുള്ള നടപടി വില്ലേജ് ഓഫീസർ സ്വീകരിക്കും. ഇ പേമെന്റ് സംവിധാനത്തിലൂടെ വില്ലേജ് ഓഫീസിൽ ഓൺലൈനായി കരം സ്വീകരിക്കുന്ന സോഫ്റ്റ് വെയർ ഡിസംബർ ഒന്നു മുതൽ 127 വില്ലേജ് ഓഫീസുകളിലും നിലവിൽ വരുമെന്നും കളക്ടർ അറിയിച്ചു.
ഓൺലൈൻ പോക്കുവരവ് നടപടിക്രമം
1. രജിസ്‌ട്രേഷൻ സംവിധാനത്തിലൂടെ ആധാരം രജിസ്റ്റർ ചെയ്യുന്നതിനുള്ള അപേക്ഷ ഓൺലൈനായി ഫയൽ ചെയ്യുന്നു.
2. രജിസ്‌ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി സബ് രജിസ്ട്രാർ ഓഫീസ് ആധാരം അംഗീകരിക്കുന്നു
3. രജിസ്‌ട്രേഷൻ സർവറിൽ നിന്നും ആധാരം സംബന്ധിച്ച വിവരങ്ങൾ റവന്യൂ വകുപ്പിന്റെ സർവറിലെത്തുന്നു.
4. വില്ലേജ് ഓഫീസർക്ക് ആധാരത്തിലെ വിവരങ്ങളും കോപ്പിയും പരിശോധനയ്ക്കായി ഓൺലൈനിൽ ലഭ്യമാകുന്നു
5. വില്ലേജ് ഓഫീസർ ആവശ്യമെങ്കിൽ ഫീൽഡ് പരിശോധന നടത്തി പോക്കുവരവ് അംഗീകരിക്കുന്നു. സബ് ഡിവിഷൻ കേസുകൾ താലൂക്കിലേക്ക് അയക്കുന്നു. തണ്ടപ്പേര് നമ്പറും സബ് ഡിവിഷൻ നമ്പറും ഈ ഘട്ടത്തിൽ ലഭ്യമാകും.
6. സബ് ഡിവിഷൻ കേസ് ഡപ്യൂട്ടി തഹസിൽദാർ പരിശോധിച്ച് അംഗീകരിച്ച് വില്ലേജ് ഓഫീസർക്ക് തിരികെ അയക്കുന്നു
7. കക്ഷികൾക്ക് പോക്കുവരവ് സംബന്ധിച്ച് എസ്.എം.എസ് ലഭിക്കുന്നു. വില്ലേജ് ഓഫീസിലെത്തി നേരിട്ടും അല്ലെങ്കിൽ ഓൺലൈനിലും നികുതി അടച്ച് തണ്ടപ്പേര് കൈപ്പറ്റാം
8. സർവെ അധികൃതർ സെക്ഷൻ സ്‌കെച്ച് തയാറാക്കി മാതൃസ്‌കെച്ചിൽ ഉൾപ്പെടുത്തി സബ് ഡിവിഷന് അംഗീകാരം നൽകുന്നു.
www.revenue.kerala.gov.in എന്ന റവന്യൂ വകുപ്പ് പോർട്ടലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും.
- Log in to post comments