Skip to main content

ആദിവാസികളുടെ റേഷനും തനത് ഭക്ഷ്യധാന്യവും വീട്ടിലെത്തിക്കാന്‍ പദ്ധതി

    കേരളത്തിലെ മുഴുവന്‍ ആദിവാസി ഊരുകളിലും റേഷനും തനത് ഭക്ഷ്യധാന്യങ്ങളും നേരിട്ടെത്തിക്കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് പദ്ധതി ആവിഷ്‌കരിക്കുന്നു. ഓരോ ആദിവാസി കുടുംബത്തിനും അര്‍ഹതപ്പെട്ട റേഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. തൃശൂര്‍ ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്.
    മുഴുവന്‍ ആദിവാസി ഊരുകളിലും പദ്ധതി നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍മാരുടെ യോഗം ഉടന്‍ വിളിക്കും. നിലവില്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം 35 കിലോ ഭക്ഷ്യധാന്യത്തിന് ആദിവാസി കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. പലപ്പോഴും ഇവര്‍ കടകളിലെത്തി റേഷന്‍ വാങ്ങാറില്ല. ഇതൊഴിവാക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം. റേഷന്‍ വിതരണത്തിന് പോകുന്നവര്‍ ഇ പോസ് മെഷീന്‍ ഒപ്പം കൊണ്ടുപോകും. അര്‍ഹതപ്പെട്ട ആദിവാസികള്‍ക്ക് ഭക്ഷ്യധാന്യം ലഭിക്കുമെന്ന് ഇതോടെ ഉറപ്പാക്കാനാവും.
    ആദിവാസി വിഭാഗങ്ങളുടെ തനത് ഭക്ഷ്യധാന്യം ശേഖരിച്ച് ഇവര്‍ക്ക് എത്തിക്കുന്ന പദ്ധതിയും വകുപ്പിന്റെ പരിഗണനയിലുണ്ട്. ചെറുധാന്യങ്ങളായ റാഗി, തിന, ചാമ, ചോളം എന്നിവയാണ് വിതരണം ചെയ്യുക. റാഗി, ചാമ എന്നിവ 120 ഗ്രാമും തിന 80 ഗ്രാമും ഒരു ദിവസം ഉപയോഗിക്കുന്നുവെന്ന കണക്ക് അടിസ്ഥാനപ്പെടുത്തിയാവും വിതരണം. അട്ടപ്പാടിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടക്കുന്നുണ്ട്. ഇത് വിജയമാണെന്ന് കണ്ടതിനാലാണ് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കൃഷി ചെയ്യുന്ന ആദിവാസികളില്‍ നിന്ന് ചെറുധാന്യങ്ങള്‍ ശേഖരിച്ച് ആവശ്യമുള്ള മറ്റ് ആദിവാസികള്‍ക്ക് എത്തിക്കും. കൂടുതല്‍ ധാന്യം ആവശ്യമെങ്കില്‍ നാട്ടില്‍ കൃഷി ചെയ്യുന്ന മറ്റു കര്‍ഷകരില്‍ നിന്നും വാങ്ങും. ആദിവാസി മേഖലയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭ്യമാക്കുക എന്ന ഉദ്ദേശ്യവും ഇതിലൂടെ സാധ്യമാവും.
    പി.എന്‍.എക്‌സ്.1605/18

date