Skip to main content
കാഞ്ഞങ്ങാട് നടത്തിയ ശിശുദിനറാലി

ശിശുദിനറാലിയും തണല്‍ജില്ലാതല പ്രഖ്യാപനവും നടത്തി

ജില്ലാ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ശിശുദിനറാലിയും കുട്ടികളുടെ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാനശിശുക്ഷേമസമിതി രൂപം നല്‍കിയ തണല്‍-കുട്ടികളുടെ അഭയകേന്ദ്രത്തിന്റെ ജില്ലാതല പ്രഖ്യാപനവും നടന്നു.  പരിപാടി കാഞ്ഞങ്ങാട്  ടൗണ്‍ഹാളില്‍ ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ ഉദ്ഘാടനം ചെയ്തു. വിവരസാങ്കേതിക വിദ്യയെ  തെറ്റായ രീതിയില്‍ ഉപയോഗിക്കാതിരിക്കാനും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍  ലഹരി ഉപയോഗം തടയാനും പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന്  ജില്ലാകളക്ടര്‍ പറഞ്ഞു. വിവരസാങ്കേതിക വിദ്യാ വിപ്ലവത്തിന്റെ ഫലമായി  സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ  തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ഭാവിതലമുറയെ  അപകടത്തില്‍പെടുത്തുമെന്നും  ഇതിനെതിരെ സമൂഹത്തിന്റെ മുന്‍കരുതല്‍ ആവശ്യമാണെന്നും കളക്ടര്‍ പറഞ്ഞു. ലഹരിവസ്തുക്കളില്‍ നിന്ന്  കുട്ടികളെ പിന്തിരിപ്പിക്കാന്‍  പൊതുസമൂഹം തയ്യാറാവണമെന്നും അദ്ദേഹം  പറഞ്ഞു. 
    ചടങ്ങില്‍ കുട്ടികളുടെ പ്രസിഡന്റ് ആര്യനാരായണന്‍  അധ്യക്ഷത വഹിച്ചു. കുട്ടികളുടെ  സ്പീക്കര്‍ ചൈതന്യ ബാബു ശിശുദിന സന്ദേശം നല്‍കി. കാഞ്ഞങ്ങാട്  വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ പി പ്രകാശ് സംസ്ഥാന  ശിശുക്ഷേമസമിതി എക്‌സിക്യുട്ടീവ് അംഗം ഒ എം ബാലകൃഷ്ണന്‍, അജയന്‍ പനയാല്‍, എം ലക്ഷ്മി, എംപിവി ജാനകി, കുത്തൂര്‍ കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി  ആനന്ദ് പി ചന്ദ്രന്‍ സ്വാഗതവും  ജില്ലാ ശിശുക്ഷേമസമിതി  ജില്ലാ സെക്രട്ടറി  മധുമുതിയക്കാല്‍  നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് കൈലാസ് ജംഗ്ഷന് സമീപം  ശിശുദിനറാലി  നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

date