ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് പോസ്റ്റൽ വോട്ടിൽ പൈലറ്റ് പദ്ധതിയായി ഇ.ടി.പി.ബി.എസ്
സർവീസ് വോട്ടർമാരുടെ സൗകര്യാർത്ഥം തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ച ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം ചെങ്ങന്നൂരിലും പരീക്ഷിക്കുന്നു. കേരളത്തിൽ ആദ്യമായാണ് ഇ.ടി.പി.ബി.എസ് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. ഇ.ടി.പി.ബി.എസിന് സമാന്തരമായി തന്നെ പഴയ രീതിയിലുള്ള പോസ്റ്റൽ ബാലറ്റും ഉണ്ടാകും. 797 സർവീസ് വോട്ടർമാരാണ് ചെങ്ങന്നൂരിൽ ഉള്ളത്. ഇ.ടി.പി.ബി.എസിൽ ബാലറ്റ് കംപ്യൂട്ടറിൽ ജനറേറ്റ് ചെയ്യും. വോട്ട് ചെയ്ത ശേഷം ബാലറ്റ് ഇടേണ്ട ചെറിയ കവർ, വലിയ കവർ എന്നിവയും കംപ്യൂട്ടറിൽ നിന്ന് എടുക്കാൻ കഴിയും. ഇത് അതാത് സർവീസ് വോട്ടറുടെ ഓഫീസുകളിലേക്ക് നൽകും. സർവീസ് വോട്ടർക്ക് വേണ്ട നിർദ്ദേശങ്ങളും ഇതിൽ ഉണ്ടാകും. ഓരോ സർവീസ് വോട്ടർക്കും തങ്ങളുടെ ബാലറ്റ് പ്രിന്റ് എടുത്ത് വോട്ട് ചെയ്ത ശേഷം കവറുകളിലാക്കി ഇലക്ഷൻ കമ്മീഷന് അയയ്ക്കാൻ സാധിക്കും. പോസ്റ്റൽ ബാലറ്റ് വൈകുക, നഷ്ടപ്പെടുക, കാലതാമസം എന്നിവ ഒഴിവാക്കാൻ പുതിയ സബ്രദായം കൊണ്ട് കഴിയും. ആകെ 10 പേജുകൾ സർവീസ് വോട്ടർക്ക് കംപ്യൂട്ടർ വഴി ലഭിക്കും. ഇ.ടി.പി.ബി.എസിന്റെ പരിശീലവും ബാലറ്റ് ജനറേഷന്റെ ആദ്യ ഘട്ടത്തിലേക്കും തിരഞ്ഞെടുപ്പ് ജീവനക്കാർ കടന്നുകഴിഞ്ഞു. പഴയ രീതിയിലുള്ള ബാലറ്റും ഒപ്പം തന്നെ തുടരുന്നുണ്ട്. പൈലറ്റ് പ്രോജക്ട് ആയാണ് ചെങ്ങന്നൂരിൽ ഇത് നടപ്പാക്കുന്നതെങ്കിലും ഗുജറാത്തിൽ ഇ.ടി.പി.ബി.എസ് വിജയമായിരുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റൽ വോട്ടിനുള്ള ബാലറ്റ് 14ന് പ്രിന്റ് ചെയ്യാനായി ഫോം ഏഴിൽ കൈമാറും. വാഴൂരിലാണ് ഇത് പ്രിന്റ് ചെയ്യുക.
(പി.എൻ.എ 996/ 2018)
- Log in to post comments