ദിശ സെമിനാര്‍ പണിയെടുക്കാതെ കൂലി വാങ്ങുന്നവരെയെല്ലാം നോക്കുകൂലിക്കാരായി കാണണം: വി.എന്‍ വാസവന്‍
പണിയെടുക്കാതെ കൂലി വാങ്ങുന്നവര്‍ സമൂഹത്തിലെ എല്ലാ തൊഴിലിടങ്ങളിലുമുണ്ട്. ഇവരെയെല്ലാം നോക്കുകൂലി വിഭാഗത്തിലുള്‍പ്പെടുത്താമെന്ന് സി.ഐ.റ്റി.യു ദേശീയ ജനറല്‍ കൗണ്‍സില്‍ അംഗവും മുന്‍ എം. എല്‍. എയുമായ വി.എന്‍.വാസവന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം പോപ്പ് മൈതാനിയില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നോക്കുകൂലി മുക്തകേരളം എന്ന വിഷയത്തിലാണ് സെമിനാര്‍ നടന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിന്റെ നോക്കുകൂലി നയത്തെ അംഗീകരിക്കുകയും തൊഴില്‍ നഷ്ട സാധ്യതയുടെ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. തൊഴില്‍ തന്നെയാണ് പ്രധാന പ്രശ്‌നമെന്നും തൊഴിലെടുത്തതിനു ശേഷം അഥവാ തൊഴില്‍ നടക്കാനുള്ള സാധ്യത ഉറപ്പാക്കിയതിന് ശേഷം മാത്രമേ തര്‍ക്ക വിഷയങ്ങള്‍ ഉന്നയിക്കാവൂ എന്ന് സതേണ്‍ റെയില്‍വേ കോണ്‍ട്രാക്ടേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് അലക്‌സ് പെരുമയില്‍ ചര്‍ച്ചയില്‍ അവതരിപ്പിച്ചു. നോക്കി നിന്നിട്ട് കൂലി വാങ്ങുന്നതാണ് നോക്കുകൂലിയെങ്കില്‍ നന്നായി നോക്കാത്തതിനും കൂലി ലഭിക്കുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് ഐ.എന്‍.റ്റി യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി മലയാലപ്പുഴ ജ്യോതിഷ്‌കുമാര്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനി ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ പ്രസ് ക്ലബ് പ്രസിഡന്റ് സാനു ജോര്‍ജ് മോഡറേറ്ററായിരുന്നു. ബി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ വിജയകുമാര്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ഇ.സി.ചെറിയാന്‍, കെ.റ്റി.യു.സി (എം) സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജെ സാബു, വ്യാപാരി ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഇ.എസ്. ബിജു, ബില്‍ഡേഴ്‌സ് അസ്സോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് ബി.ചന്ദ്രമോഹന്‍, റസിഡന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള, ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) കോട്ടയം പി.രഘുനാഥ് തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
- Log in to post comments