ദിശ മേളയ്ക്ക് സമാപനം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാഗമ്പടം മൈതാനിയില്‍ നടന്നു വന്നിരുന്ന ദിശ പ്രദര്‍ശന വിപണന മേള സമാപിച്ചു. സേവനങ്ങള്‍ ഒരു കുടക്കീഴില്‍ എത്തിക്കാന്‍ 55 വകുപ്പുകളുടെ 132 സ്റ്റാളുകളാണ് മേളയില്‍ അണിനിരത്തിയത്.
സൗജന്യമായി ആധാര്‍ കാര്‍ഡ് എടുക്കുന്നതിനും തെറ്റുതിരുത്തുന്നതിനും മേളയില്‍ വന്‍ തിരക്കായിരുന്നു . കാര്‍ഡിലെ തെറ്റുതിരുത്തുന്നതിനായി 600 ലധികം അപേക്ഷകളാണ് ഐടി വകുപ്പിന്റെ സ്റ്റാളില്‍ എത്തിയത്.5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്‍പ്പെടെ 60 പുതിയ ആധാര്‍ എന്റോള്‍മെന്റുകള്‍ നടന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്കുള്ള അപേക്ഷയ്ക്ക് 30 പേര്‍ മേളയിലെത്തി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തു. പരാതി പരിഹാര സെല്ലിലേക്കുള്ള അപേക്ഷകളും ഇതിലുണ്ട്. സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് സേവനങ്ങള്‍ ലഭിക്കുന്ന പൊതു ഇടങ്ങള്‍, ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയവ സംബന്ധിച്ച സേവനങ്ങളും ഐടി മിഷന്റെ സ്റ്റാളുകളില്‍ നല്‍കിയിരുന്നു.അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കു ഇഷുറന്‍സ് പരിരക്ഷ നല്‍കുന്ന ആ വാസ് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷനും വന്‍ തിരക്കനുഭവപ്പെട്ടു.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍,ന്യൂനപക്ഷ ക്ഷേമ വകുപ്പ് ,പിന്നാക്ക ക്ഷേമ വകുപ്പ് ,പട്ടിക ജാതി - പട്ടികവര്‍ഗ വകുപ്പുകളുടെ വിവിധ സേവനങ്ങള്‍, എക്‌സ്‌ചേഞ്ചിന്റെ വിവിധ പദ്ധതികള്‍, വനിതകള്‍ക്കായി കുടുംബശ്രീയുടെ സൗജന്യ ഹെല്‍പ് ലൈന്‍ സ്‌നേഹിതയുടെ സേവനങ്ങള്‍,ജി എസ് ടി യുമായി ബന്ധപ്പെട്ട സംശയങ്ങള്‍, നൂതന കാര്‍ഷിക രീതികളെ കുറിച്ച് കര്‍ഷകരെ പരിചയപ്പെടുത്തുന്ന കൃഷി വകുപ്പിന്റെ സ്റ്റാളുകള്‍ തുടങ്ങി പുതിയ തൊഴില്‍ സാധ്യതകള്‍ പരിചയപ്പെടുത്തുന്നതുള്‍പ്പെടെ സാങ്കേതിക വിദ്യയുടെ വലിയൊരു ലോകമാണ് ദിശ തുറന്നിട്ടത്.
സിം കാര്‍ഡ്, റീ ചാര്‍ജിംഗ് സംവിധാനം എന്നിവ ബി എസ് എന്‍ എല്‍ സ്റ്റാളില്‍ ലഭ്യമാക്കിയിരുന്നു. ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ 23 സ്റ്റാളുകളിലായി നടത്തിയ വൈവിധ്യമേറിയ ഉല്പന്ന പ്രദര്‍ശനവും ശ്രദ്ധേയമായി. ജീവിത ശൈലീ രോഗ നിര്‍ണ്ണയ ക്ലിനിക്കല്‍ സൗജന്യ പരിശോധനക്ക് 1000 ത്തോളം പേര്‍ പങ്കെടുത്തു. ഏഴ് ദിവസങ്ങളിലായി ടൂറിസം വകുപ്പ്, അനിമല്‍ ഹസ്‌ബെന്ററി വകുപ്പ്, നവകേരളം പദ്ധതി, ആരോഗ്യവകുപ്പ്, എക്‌സൈസ് വകുപ്പ്, തൊഴില്‍ വകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാര്‍ നടന്നു.
- Log in to post comments