Skip to main content

 അലാമിപ്പള്ളിയെ ആനന്ദത്തിലാക്കിയ ആഘോഷ രാവുകള്‍

     കാസര്‍കോട് പെരുമയ്ക്ക് മാറ്റുകൂട്ടാന്‍ കലാ സന്ധ്യയിലെ വേദികളില്‍ കാസര്‍കോടിന്റെ തനത് കലാരൂപങ്ങളും അരങ്ങിലെത്തി. ആസ്വാദകരെ നിരാശപെടുത്താതെ കയ്യടികള്‍ ഏറ്റുവാങ്ങിക്കൊണ്ട് വേദിയില്‍ ഓരോ കലാരൂപവും അരങ്ങേറി. മുടന്തന്‍ പാറ  പുനര്‍ജനി നാടന്‍  കലാവേദി  അവതരിപ്പിച്ച   നാടന്‍  പാട്ടും, എന്‍.വി പ്രകാശന്‍ പണിക്കരും , സജിത്ത് പണിക്കരും അത്യുത്തര കേരളത്തിലെ മീനമാസത്തില്‍ പൂരക്കളിയോടൊപ്പം അവതരിപ്പിക്കുന്ന മറത്തുകളിയും  കാണികളുടെ കയ്യടി ഏറ്റുവാങ്ങി. തീയ,മൂവാരി, യാദവ, ശാലിയ മുഖയര്‍ എന്നി സമുദായങ്ങളുടെ അനുഷ്ടന കലയായ പൂരക്കളി   നീലേശ്വരം ശ്രീ നാഗച്ചേരി  ഭഗവതി സ്ഥാന അവതരിപ്പിച്ചു. മാവിലെ സമുദായത്തില്‍ പെട്ടവര്‍ വിവാഹ വേളകളിലും,ആഘോഷ അവസരങ്ങളിലും സ്ത്രീകളും പുരുഷന്മാരും അവതരിപ്പിക്കുന്ന മംഗളം കളിയും, മുസ്ലിം സമുദായത്തിലെ അനഫി(തുര്‍ക്കര്‍)കളുടെ കലാരൂപമായ അലാമികളിയും ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്ന് അവതരിപ്പിച്ച വസന്തോത്സവവും ഏറെ ശ്രദ്ധേയമായി. മധ്യപ്രദേശില്‍ ദുര്‍ഗ്ഗാ പൂജ സമയത്ത് ദുന്തില്‍ ഘണ്‍ണ്ട് എന്ന ക്ഷേത്രത്തില്‍ കന്യകമാര്‍ ദുര്‍ഗ്ഗാ പ്രീതിക്കായി ചെയ്യുന്ന നൃത്തമായ നോര്‍ത്ത നൃത്തവും , ബദായി നൃത്തവും.   രോഗങ്ങളും, പകര്‍ച്ചവ്യാധികളും ഉണ്ടാവുന്ന സമയത്ത് ശക്തി ദേവതകളുടെ അനുഗ്രഹത്തിനായി മൈസൂര്‍ രാജാവിന്റെ കാലത്ത് നടന്നിരുന്ന പൂജാകുനിതയും ജനങ്ങളെ ആവേശ തിരയിലാഴ്ത്തി.  മധ്യപ്രദേശില്‍ നിന്നും, കര്‍ണാടകയില്‍ നിന്നും എത്തിയ മുപ്പതോളം കലാകാരന്മാര്‍ അതി സാഹസികമായ ചുവടു കൊണ്ടും പാട്ടിന്റെ ആലാപനരീതികൊണ്ടും കാണികളുടെ കയ്യടി ഏറ്റുവാങ്ങി.മാറിക്കൊണ്ടിരിക്കുന്ന തലമുറയ്ക്ക് പാരമ്പര്യ കലാരൂപങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ കുരുന്ന് പ്രതിഭകളുടെ മുഖത്ത് കൗതുകമായിരുന്നു.  സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മേള ഈ മാസം 25 നു സമാപിക്കും.
 
         

date