ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ പരിശോധന കര്‍ശനമാക്കും
ക്ഷയരോഗ മരുന്നുകള്‍ വില്‍ക്കുന്നതിന്റെ രേഖകള്‍ മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രി ഫാര്‍മസികളിലും സൂക്ഷിക്കേണ്ട ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്റര്‍ പരിശോധന കര്‍ശനമാക്കാന്‍ സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളറും ടി.ബി ഓഫീസര്‍മാരുമായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മുഖേന വിതരണം ചെയ്യുന്ന ക്ഷയരോഗമരുന്നുകള്‍ വാങ്ങുന്ന രോഗികളുടെയും കുറിപ്പടി എഴുതുന്ന ഡോക്ടര്‍മാരുടെയും പേരും രജിസ്റ്റര്‍ നമ്പരും അടങ്ങുന്ന വിവരങ്ങളാണ് ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്ററില്‍ സൂക്ഷിക്കേണ്ടത്. ഏകദേശം 12,000 രോഗികള്‍ പ്രതിവര്‍ഷം സ്വകാര്യ ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ക്ഷയരോഗമരുന്നുകള്‍ വാങ്ങുന്നുണ്ട്. ഷെഡ്യൂള്‍ എച്ച് വണ്‍ രജിസ്റ്ററില്‍ ഇത്തരം വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരും ജില്ലാ ടി.ബി ഓഫീസര്‍മാരും സംയുക്തമായി മെഡിക്കല്‍ ഷോപ്പുകളും സ്വകാര്യ ഫാര്‍മസികളും പരിശോധിക്കും. ആരോഗ്യകേരളം മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ റീജിയണല്‍ ഡയറക്ടര്‍ ഡോ. രുചി ജെയ്ന്‍, സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി എസ്.മേനോന്‍, സംസ്ഥാന ടി.ബി ഓഫീസര്‍ ഡോ. സുനില്‍ കുമാര്‍ എം, അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ.ജെ. ജോണ്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.1920/18
- Log in to post comments