Skip to main content

മ്യൂസിയം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 23)

    സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മ്യൂസിയം വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് (മേയ് 23) ഉച്ചയ്ക്ക് രണ്ടിന് മ്യൂസിയം ഓഡിറ്റോറിയത്തില്‍ മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.
    നേപ്പിയര്‍ മ്യൂസിയത്തില്‍ 'ബ്‌ളൂ-ടൂത്ത് ലോ എനര്‍ജി ഡിവൈസ്' എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നടപ്പാക്കുന്ന മൊബൈല്‍ ആപ്പ്, വെബ്‌സൈറ്റ് എന്നിവ മ്യൂസിയം ആസ്വദിക്കാനും, അവിടത്തെ ശേഖരത്തെപ്പറ്റി ഭിന്നശേഷിയുള്ളവര്‍ക്കും എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും വിധത്തില്‍ ആണ് തയ്യാറാക്കിയിരിക്കുന്നത്.  ഇന്‍വിസ് മള്‍ട്ടീമീഡിയ എന്ന സ്ഥാപനം വഴിയാണ് ഇത് സാധ്യമാക്കിയത്.
    138 വര്‍ഷം പഴക്കമുള്ള നേപ്പിയര്‍ മ്യൂസിയത്തിന്റെ മേല്‍ക്കൂര ചെമ്പ് തകിടുകള്‍ പാകി പഴയ പ്രൗഢിയില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനും ഉള്ള സംവിധാനത്തിനൊപ്പം മിനി ഓഡിറ്റോറിയവും സജ്ജീകരിച്ചിട്ടുണ്ട്.  ഈ പദ്ധതികള്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡിന്റെ സഹായത്താലാണ്  നടപ്പാക്കിയത്. 
    മ്യൂസിയം മൃഗശാല വളപ്പില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഉറപ്പ് വരുത്തുന്നതിന് ഒരു 11 കെ.വി സബ്‌സ്റ്റേഷന്‍ കെ.എസ്.ഇ.ബി, പി.ഡബ്ല്യു.ഡി വകുപ്പുകളുടെ സഹായത്തോടുകൂടി സ്ഥാപിച്ചു. മൂന്ന് കോടി രൂപ ചെലവഴിച്ചാണ് ഈ പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. 
    ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.  ശശി തരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.      
പി.എന്‍.എക്‌സ്.1924/18

date