കലാമണ്ഡലത്തിന്റെ നൃത്തപ്പെരുമയിലലിഞ്ഞ് കാസര്‍കോടുകാര്‍
കലാമണ്ഡലത്തിന്റെ നൃത്തപ്പെരുമ കാസര്‍കോട് 'പെരുമ'യില്‍ സംഗമിച്ചപ്പോള്‍ അലാമിപ്പള്ളിയിലെത്തിയ കാണികള്‍ക്ക് നവ്യാനുഭവമായി. ആദിതാളത്തില്‍ സരസ്വതി വന്ദനത്തോടെ മോഹിനിയാട്ടം അവതരിപ്പിച്ചായിരുന്നു തുടക്കം. യമുനാ കല്യാണി രാഗത്തില്‍ സദാശിവ ബ്രഹ്മേന്ദ്ര രചിച്ച ഗായതി വനമാലി എന്ന കീര്‍ത്തനത്തില്‍ കുച്ചുപ്പുഡിയായിരുന്നു പിന്നാലെ അവതരിപ്പിച്ചത്. പതിവില്‍ നിന്നും വ്യത്യസ്തമായ രീതിയിലുള്ള വേഷഭൂഷാദികളും സദസിനു പുതുകാഴ്ചകളാണ് സമ്മാനിച്ചത്. രാഗമാലിക രാഗത്തില്‍ ആദി താളത്തില്‍ ദുര്‍ഗ സ്‌തോത്രം മോഹനിയാട്ടം നര്‍ത്തകര്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായി. ലക്ഷ്മി, സരസ്വതി, ദുര്‍ഗാ ഭാവങ്ങളെ സമന്വയിപ്പിച്ചു കൊണ്ടുള്ളതായിരുന്നു നൃത്താവതരണം. രേവതി രാഗത്തില്‍ ആദിതാളത്തില്‍ ശിവസ്തുതി ഭരതനാട്യത്തില്‍ അവതരിപ്പിച്ചും ആസ്വാദ്യകരമായിരുന്നു. കുച്ചുപ്പുഡിയിലെ വിശിഷ്ട ഇനമായ തരംഗം മേഘ വിജയന്‍ അവതരിപ്പിച്ചത് കാണികള്‍ക്ക് കൗതുകമായി. ശ്രീകൃഷ്ണന്റെ ബാലലീലയായിരുന്നു നീലമേഘ ശരീര എന്നു തുടങ്ങുന്ന കീര്‍ത്തിലൂടെ അവതരിപ്പിക്കപ്പെട്ടത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുഡി എന്നീ നൃത്തരൂപങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള തില്ലാനയോടെ രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന കലാമണ്ഡലത്തിന്റെ നൃത്തം അവസാനിപ്പിക്കുമ്പോള്‍ നീണ്ട കരഘോഷമായിരുന്നു.
പിന്നണിയില്‍ രജുനാരായന്റെ ആലാപനവും അമ്പിളിയുടെ നട്ടുവാങ്കവും നൃത്താവതരണത്തിന് മാറ്റുകൂട്ടി. മൃദംഗത്തില്‍ അനൂപും ഇടയ്ക്കയില്‍ വൈശാഖും വയലിനില്‍ ദിലീപും അകമ്പടിസേവിച്ചു.
ഇത്തരത്തില്‍ എല്ലാരീതിയിലും കാസര്‍കോടിന്റെ ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിരുന്നാണ് 'പെരുമ' ഒരുക്കിയത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന കാസര്‍കോട് പെരുമയുടെ നാലാം ദിവസം വൈകിട്ട് നടന്ന കലാസന്ധ്യയിലാണ് കേരള കലാമണ്ഡലത്തിലെ കലാകാരികള്‍ നാട്യവിസ്മയമൊരുക്കിയത്.
- Log in to post comments