ലിനിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ദീപങ്ങള്‍ തെളിഞ്ഞു
നിപ വൈറസ് ബാധിച്ച് അന്തരിച്ച നഴ്സ് ലിനി സജീഷിന് നാടിന്റെ ആദരാഞ്ജലി. ആരോഗ്യ വകുപ്പ് നിശാഗന്ധിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. മന്ത്രിമാരായ കെ. കെ. ശൈലജ ടീച്ചര്‍, ഡോ. ടി. എം. തോമസ് ഐസക്ക്, ടി. പി. രാമകൃഷ്ണന് എന്നിവരുടെ നേതൃത്വത്തില്‍ ദീപങ്ങള്‍ തെളിയിച്ചാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
വിവിധ രോഗങ്ങളുമായി എത്തുന്നവരെ പരിചരിക്കുന്ന ആശുപത്രി ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സ്വന്തം ആരോഗ്യവും സുരക്ഷയും അവഗണിച്ചാണ് ലിനി പ്രവര്‍ത്തിച്ചത്. പകര്‍ച്ച വ്യാധികള്‍ മൂലം ജീവഹാനി സംഭവിക്കാതിരിക്കാനുള്ള കഠിന ശ്രമമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. പ്രഥമ ഘട്ടത്തില്‍ തന്നെ രോഗം നിര്ണയിക്കാനായെന്നതാണ് നേട്ടമെന്ന് മന്ത്രി പറഞ്ഞു.
ലോകത്തെമ്പാടുമുള്ള മലയാളി നഴ്സുമാര്‍ കേരളത്തിന്റെ അംബാസഡര്‍മാരാണെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് പറഞ്ഞു. മലയാളികളായ നഴ്സുമാരുടെ പ്രവര്‍ത്തന മികവും അര്‍പ്പണ ബോധവും അഭിനന്ദനീയമാണ്. നിപ ബാധിച്ചുള്ള രണ്ടാമത്തെ മരണത്തോടെ രോഗ നിര്‍ണയം കൃത്യമായി നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് സാധിച്ചു. ലിനിയുടെ മരണ ശേഷം ലണ്ടനില്‍ നിന്നുള്ള ഒരു ഗ്രൂപ്പ് സഹായം നല്‍കാമെന്ന് അറിയിച്ചപ്പോള്‍ അതു വേണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടെന്നുമാണ് ഭര്‍ത്താവ് സജീഷ് പ്രതികരിച്ചത്. ആ വാക്കുകള്‍ സന്തോഷം നല്കി. ആരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കാനും ശുചിത്വം പാലിക്കാനും വേണ്ട നടപടി സ്വീകരിക്കേണ്ടതുണ്ട്. അടിക്കടിയുണ്ടാവുന്ന രോഗങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് പരിസ്ഥിതി നാശമാണെന്ന് അദ്ദേഹം പറഞ്ഞു.
ലിനിയുടെ കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെന്ന് തൊഴില്‍ മന്ത്രി ടി. പി. രാമകൃഷ്ണന് പറഞ്ഞു. നിപ ബാധയെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയെ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയുണ്ടായത് നന്നായില്ലെന്ന് മന്ത്രി പറഞ്ഞു. മേയര്‍ വി. കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, മറ്റു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പി.എന്‍.എക്സ്.1963/18
- Log in to post comments