Skip to main content

കാലവര്‍ഷം; മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ തീരുമാനം

കാലവര്‍ഷത്തിന് മുന്നോടിയായി ജില്ലയില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്റ്റര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തില്‍ തീരുമാനമായി. എം.എല്‍.എ മാരായ പികെ അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, എഡിഎം വി രാമചന്ദ്രന്‍, ഡിഎംഒ ഡോ. കെ സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.
ഹരിതകേരളം, തൊഴിലുറപ്പ് പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുതള്‍ ശുചീകരിക്കുന്നതിലൂടെ പരമാവധി ജലസംഭരണം ഉറപ്പ് വരുത്താനും മഴവെള്ള സംഭരണപ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ പ്രചാരം നല്‍കാനും യോഗം തീരുമാനിച്ചു. ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി അവലോകന യോഗങ്ങള്‍ നടത്താന്‍ ജില്ലാ പ്രസിഡന്റുമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
മഴക്കാലത്ത് തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ ഉറങ്ങുന്നതിനും ഭക്ഷണം നല്‍കുന്നതിനുമായി സാമൂഹിക നീതി വകുപ്പിനെ ചുമതലപ്പെടുത്തി. ദുരന്തങ്ങള്‍ നേരിടുന്നതിനായി പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പുകള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ വാങ്ങുന്നതിന് നടപടികള്‍ സ്വീകരിക്കാനും, മഴക്കാല ദുരന്തങ്ങള്‍ സംസ്ഥാന ദുരന്ത നിവാരണ വകുപ്പുമായി ചേര്‍ന്ന നേരിടുന്നതിന് എല്ലാ വകുപ്പുകളും ഒരു നോഡല്‍ ഓഫീസറെ നിയമിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ അടിയന്തിരഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തില്‍നിന്നും ഇടക്കാലത്ത് പിന്‍വലിച്ച ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസിലെ ജീവനക്കാരനെ പുനഃനിയമിക്കാനും തീരുമാനിച്ചു.
ജില്ലാ ദുരന്തനിവാരണ പ്ലാനില്‍ പരാമര്‍ശിച്ചിട്ടുള്ള ദുരന്തസാധ്യതാ മേഖലകളിലെല്ലാം ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തപ്പിക്കുന്നതിന് ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും അവയുടെ ഒരു താക്കോല്‍ കൈവശം വെക്കുന്നതിനും വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മത്സ്യ തൊഴിലാളികള്‍്ക്ക് തീരശോഷണം സംബന്ധിച്ച മുന്നറിയിപ്പുകള്‍ അതാത് സമയങ്ങളില്‍ നല്‍കുന്നതിന് കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിന് തീരദേശ പോലീസ്, ഫിഷറീസ് വകുപ്പുകള്‍  
തീരശോഷണം ലഘൂകരിക്കുന്നതിനായി കടല്‍ ഭിത്തികളുടെ കേടുപാടുകള്‍ തീര്‍ക്കാനും തീരദേശത്തെ വീടുകളുടെ സംരക്ഷണത്തിനായി കടല്‍ ഭിത്തികള്‍ ബലം കുറഞ്ഞ ഇടങ്ങളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
മത്സ്യ തൊഴിലാളികള്‍ക്ക് കടലില്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹൈസ്പീഡ് ബോട്ട് വാടകക്കെടുക്കുന്നതിന് ഫിഷറീസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമാകും വിധം അരി, മണ്ണെണ്ണ തുടങ്ങി അവശ്യ വസ്തുക്കള്‍ സ്റ്റോക്ക് ചെയ്യാന്‍ എല്ലാ താലൂക്കുകളിലേയും സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടൊതെ ക്യാമ്പുകളിലേക്കാവശ്യമായ എല്ലാ വിഭവങ്ങളും സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ്, ഹോര്‍ട്ടികോര്‍പ്പ്, കെപ്കോ എന്നിവിടങ്ങളില്‍ നിന്നു തന്നെ വാങ്ങണമെന്നും നിര്‍ദ്ദേശിച്ചു. വിനോദ സഞ്ചാരികള്‍ എത്താനിടയുള്ള ജില്ലയിലെ ഉറുള്‍പൊട്ടലുള്‍പ്പടെയുള്ള അപകട സാധ്യതാ മേഖലകളിലെല്ലാം വിവിധ ഭാഷകളിലായി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ഡി.റ്റി.പി.സി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവരോട് നിര്‍ദ്ദേശിച്ചു.
തുടര്‍ച്ചയായി രണ്ടു ദിവസത്തില്‍ കൂടുതലായി മഴ നില്‍ക്കുകയാണെങ്കില്‍ ക്വാറകളിലെ ഖനന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാനും 24 മണിക്കൂര്‍ വരെ മഴ പെയ്യാത്ത സാഹചര്യം വരുന്നത് വരെ ഇത് തുടരാനും റവന്യു, ജിയോളജി വകുപ്പുകളോട് നിര്‍ദ്ദേശിച്ചു.
മഴക്കാലത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയുന്നതിനും ടാങ്കര്‍ ലോറികള്‍ സഞ്ചരിക്കുന്ന പ്രധാന പാതകളില്‍ രാത്രി പത്തിന് ശേഷം വാഹനം തടഞ്ഞ് ഡ്രൈവര്‍മാര്‍ക്ക് വിശ്രമമൊരുക്കുന്നതിനും റോഡ് സുരക്ഷാ അതോറിറ്റി, മോട്ടോര്‍ വാഹന വകുപ്പ് എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ആശുപത്രികളുടെയും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ജില്ലാ നിര്‍മിതി കേന്ദ്രം, ജലസേചന വകുപ്പ്, എന്നിവയിലേതെങ്കിലുമൊരു സിവില്‍ എഞ്ചിനീയറുടെ പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ദുരന്ത പ്രതികരണ നിധി വഴി നല്‍കുന്ന എല്ലാ ദുരിതാശ്വാസ സഹായങ്ങളും അതാത് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് മുഖേന നല്‍കാന്‍ യോഗം തീരുമാനിച്ചു. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദ്ദേശിച്ചു.
സ്വകാര്യ ഭൂമിയിലുള്‍പ്പടെയുള്ള അപകടഭീഷണിയിലുള്ള മരങ്ങളും ചില്ലകളും കണ്ടെത്തി മുറിച്ച് മാറ്റുന്നതിനും മഴക്കാല പകര്‍ച്ചവ്യാധി ബോധവത്കരണം സംബന്ധിച്ച് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരുടെ സഹായത്തോടെ  എല്ലാ സ്‌കൂളുകളിലും ജൂണ്‍ 15 നു മുമ്പായി പ്രത്യേക അസംബ്ലി നടത്താനും തീരുമാനിച്ചു.

 

date