പീഡിത വ്യവസായങ്ങളെ സംരക്ഷിക്കും: മന്ത്രി എ.സി.മൊയ്തീന്‍
പീഡിത വ്യവസായങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് വ്യവസായ മന്ത്രി എ.സി.മൊയ്തീന്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അനന്തപുരം വ്യവസായ പ്ലോട്ടിലേക്കുള്ള റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. അനന്തപുരം വ്യവസായ പ്ലോട്ടില്‍ വൈദ്യുതിസൗകര്യം എത്രയം വേഗം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ പ്ലോട്ടില്‍ ഇനിയും സംരംഭം ആരംഭിക്കാത്തവരില്‍ നിന്നും ഭൂമി തിരിച്ചെടുത്ത് താത്പര്യമുള്ള മറ്റുള്ളവര്‍ക്ക് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കുന്ന സംരംഭകര്‍ക്ക് പിഎഫ് പോലുള്ള ആനുകൂല്യങ്ങളില്‍ 75 ശതമാനം സര്‍ക്കാര്‍ വിഹിതം അടച്ച് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
എം.രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്റഫ്, ജില്ലാപഞ്ചായത്ത് അംഗം പുഷ്പ അമേക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം പ്രദീപ് കുമാര്‍, പുത്തിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ, പുത്തിഗെ ഗ്രാമപഞ്ചായത്ത് അംഗം ഫായിസ റഫീഖ്, ജില്ലാ ചെറുകിടവ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് കെ ടി സുഭാഷ് നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എംപി അബ്ദുള്‍ റഷീദ് സ്വാഗതവും അനന്തപുരം വ്യവസായ വികസന പ്ലോട്ട് വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഫിറോസ്ഖാന്‍ നന്ദിയും പറഞ്ഞു.
- Log in to post comments