കാസര്‍കോടിന്റെ മനസില്‍ നവകേരളത്തെ അടയാളപ്പെടുത്തി 'പെരുമ'യ്ക്ക് ഇന്ന് സമാപനം
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ നേട്ടങ്ങളെ കാസര്‍കോട് ജില്ലയ്ക്ക് മുമ്പാകെ അവതരിപ്പിച്ച ഒരാഴ്ചക്കാലം നീണ്ടുനിന്ന കാസര്‍കോട് 'പെരുമ'യ്ക്ക് ഇന്ന് (മേയ് 25) വൈകിട്ട് സമാപനം. എല്ലാം ശരിയാകുമെന്നത് വെറും വാക്കല്ലെന്നും ജനങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ഭരണം മാറ്റങ്ങളുടെ വിളംബരമാകുമെന്നും വിളിച്ചോതുന്നതുകൂടിയായി പെരുമ.
കാഞ്ഞങ്ങാട് നഗരവും ജില്ലയും സമീപകാലത്ത് അനുഭവിച്ചറിഞ്ഞ ഏറ്റവും വലിയ ഉല്‍പ്പന്നപ്രദര്‍ശന-വിപണന-സാംസ്‌ക്കാരികമേളയില്‍ ജില്ലയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ആളുകളാണ് സന്ദര്‍ശിച്ചത്. ഇനിയും സന്ദര്‍ശിക്കാത്തവര്‍ക്ക് ഇന്നുകൂടി അവസരമുണ്ട്. പെരുമയിലെ സ്റ്റാളുകള്‍ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നൂറുകണക്കിനാളുകള്‍ ഉപയോഗപ്പെടുത്തി. രണ്ടുവയസുകാരന്‍ ആദിനാഥ് മുതല്‍ ഭീമനടിയില്‍ നിന്നുള്ള 97 വയസുകാരി ത്രേസ്യാമ്മ വരെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. വനിതാപോലീസ് സെല്ലിന്റെ സ്ത്രീസുരക്ഷ പദ്ധതിയുടെ സ്വയം പ്രതിരോധ പരിശീലനം ഇവിടെ നിന്നു സ്വായത്തകമാക്കിയത് അഞ്ഞൂറിലധികം യുവതികളാണ്. കേരള സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്റെ സ്റ്റാളിലെത്തിയാല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്‍കുന്ന വിവിധ വായ്പകളെക്കുറിച്ച് അറിയാം. പ്രവാസികള്‍ക്ക് പുനരധിവാസ വായ്പ, എന്റെ വീട് പദ്ധതി, സ്വയം തൊഴില്‍ വായ്പ,സ്റ്റാര്‍ട്ട് പദ്ധതികള്‍ക്കുള്ള വായ്പ, സിഡിഎസിന് കുറഞ്ഞ പലിശ(2.5 ശതമാനം) എന്നിങ്ങനെയുള്ള വായ്പകളെക്കുറിച്ച് കൂടുതല്‍ അറിയാം.
ആരോഗ്യവകുപ്പിന്റെ സ്റ്റാളുകളില്‍ ജീവിതശൈലീ രോഗങ്ങളുടെ പരിശോധനയും നൂറുകണക്കിന് ആളുകള്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഹോമിയോ വകുപ്പിന്റെ സ്റ്റാളില്‍ നിന്ന് തീപ്പൊള്ളല്‍, ചതവ്, മുറിവ് എന്നിവയ്ക്കുള്ള മരുന്നിന്റെ സൗജന്യകിറ്റ് ആയിരക്കണക്കിന് ആളുകള്‍ക്ക് വിതരണം ചെയ്ത. തൊഴില്‍വകുപ്പിന്റെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പേര് ചേര്‍ക്കല്‍, ആര്‍എസ്ബിവൈ പുതുക്കല്‍ എന്നിവയും നിരവധിപേര്‍ ഉപയോഗപ്പെടുത്തി.
ഇലക്ട്രോണിക്സ് ആന്റ് ഐടി വകുപ്പിന്റെ ആധാര്‍ പുതുക്കല്‍, തിരുത്തല്‍ തുടങ്ങിയ സേവനങ്ങള്‍ ഇന്നലെയും നൂറുകണക്കിനാളുകള്‍ പ്രയോജനപ്പെടുത്തി. സാമൂഹികനീതി വകുപ്പ്, കാര്‍ഷിക വകുപ്പ്, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ സേവനങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുണ്ട്. മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും സ്റ്റാളുകളില്‍ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തമാണ് ദൃശ്യമായത്.
ദിവസവും രാവിലെ 11 മുതല്‍ രാത്രി 8.30 വരെയായിരുന്നു പ്രദര്‍ശനമെങ്കിലും രാത്രി ഒന്‍പതുകഴിഞ്ഞും സന്ദര്‍ശകര്‍ എത്തിക്കൊണ്ടിരുന്നു. ദിവസവും രാത്രി നടന്ന കലാപരിപാടികള്‍ ആസ്വദിക്കുവാനും ആയിരക്കണക്കിന് ജനങ്ങളാണ് എത്തിയത്. അവസാനദിനമായ ഇന്നും രാവിലെ 11 മുതല്‍ പെരുമ സന്ദര്‍ശിക്കാന്‍ അവസരമുണ്ട്.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട്് അനുബന്ധിച്ച് കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ജില്ലാഭരണകൂടവും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
- Log in to post comments