അനന്തവിസ്മയം പ്രദര്‍ശന വിപണനോത്‌സവത്തിന് തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അനന്തവിസ്മയം പ്രദര്‍ശന വിപണനോത്‌സവത്തിന് തിരുവനന്തപുരം കനകക്കുന്നില്‍ തുടക്കമായി. സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സ്റ്റാളുകളാണ് മേളയിലുള്ളത്. 30 വരെ നടക്കുന്ന മേള സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം കഴിഞ്ഞ രണ്ടു വര്‍ഷവും പാലിച്ച് മുന്നോട്ടു പോവുകയാണെന്ന് മന്ത്രി പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെ നാടിന് നാഥനുണ്ടെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനായി. പോലീസ് മര്‍ദ്ദനത്തില്‍ മരിച്ച ശ്രീജിത്തിന്റേയും നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെയും കാര്യത്തില്‍ ശരിയായ ഇടപെടലുകളാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്. ജനപിന്തുണയും സഹകരണവും ഉണ്ടെങ്കില്‍ നേട്ടങ്ങള്‍ സാധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ ആരോഗ്യ ഭവന മേഖലകളില്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്തി വരുന്നു. കേരളത്തിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന സ്വപ്നത്തിലേക്ക് സര്‍ക്കാര്‍ മുന്നേറുകയാണ്. കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടതിലും ഏറെ മുന്‍പ് കേരളം സമ്പൂര്‍ണ വൈദ്യുതീകൃത സംസ്ഥാനമായി. സാധാരണക്കാര്‍ എത്തുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ മെച്ചപ്പെടുത്തുന്ന ആര്‍ദ്രം പദ്ധതി വിജയകരമായി നടപ്പാക്കുകയാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഏഴായിരം കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. വിദ്യാഭ്യാസത്തിനായി ഇത്രയധികം തുക ചെലവഴിച്ച മറ്റൊരു സര്‍ക്കാരില്ലെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി. കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, കൗണ്‍സിലര്‍ പാളയം രാജന്‍, രഞ്ജിത്, എ.ഡി. എം വിനോദ് എന്നിവര്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.1983/18
- Log in to post comments