വായനാപക്ഷാചരണം സംഘടിപ്പിക്കും
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണം സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ജനകീയ നേതാക്കളായ പി.എന്‍. പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 ന് ആരംഭിച്ച് ഐ.വി. ദാസിന്റെ ജന്മദിനമായ ജൂലൈ ഏഴിന് അവസാനിക്കുന്ന രീതിയിലാണ് പക്ഷാചരണം. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും താലൂക്ക്തലത്തിലും ഗ്രന്ഥശാലകളിലും സ്കൂളുകളിലും പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ജൂണ്‍ 19ന് സംസ്ഥാന-ജില്ലാതല ഉദ്ഘാടനവും പി.എന്‍. പണിക്കര്‍ അനുസ്മരണവും സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളെ പുസ്തകവായനയിലേക്ക് ആകര്‍ഷിക്കുക എന്നതാണ് വായനപക്ഷാചരണത്തിന്റെ ലക്ഷ്യം.
വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ചേംബറില്‍ ചേര്‍ന്ന യോഗമാണ് പരിപാടികള്‍ക്ക് രൂപം നല്‍കിയത്. സംസ്ഥാന തലത്തില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചെയര്‍മാനും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടന് കണ്‍വീനറുമായി വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ അംഗങ്ങളായ സംഘാടക സമിതിയും രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ ലൈബ്രറിയുടെ ചുമതലക്കാരായ അധ്യാപകര്‍ക്കായി വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ ഏകദിന പരിശീലനം നല്‍കും.
എല്‍.പി., യു.പി., ഹൈസ്കൂള്‍, വനിത, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള വായനമത്സരങ്ങളുടെ പ്രാഥമിക തല മത്സരങ്ങളും എസ്.എസ്.എല്‍.സി., പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന ചടങ്ങും എല്ലാ ഗ്രന്ഥശാലകളിലും സംഘടിപ്പിക്കും.
ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കണ്‍വീനറുമായി ആയി ജില്ലാ തലത്തില്‍ സംഘാടക സമിതി ഇതിനായി രൂപീകരിക്കും. ജില്ലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തകരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കടുംബശ്രീമിഷന് എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ടാകും.
പി.എന്‍.എക്സ്.2005/18
- Log in to post comments