തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യവാരം വിപണിയില്‍
കൊച്ചി: ജില്ലയുടെ നെല്ലറയായ തോട്ടറപ്പുഞ്ചയില്‍ വിളവെടുത്ത തോട്ടറ ബ്രാന്‍ഡ് അരി ജൂണ്‍ ആദ്യ വാരം വിപണിയിലെത്തും. ജില്ലാ ഭരണകൂടവും കൃഷി വകുപ്പും പാടശേഖര സമിതികളും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോര്‍ത്ത് നടത്തിയ ശ്രമത്തിന്റെ ഫലമായി 15 വര്‍ഷങ്ങളായി തരിശ് കിടന്നിരുന്ന തോട്ടറ പുഞ്ചയില്‍ 652 ഏക്കറില്‍ നിന്ന് 1500 മെട്രിക് ടണ്‍ നെല്ലാണ് ഉത്പാദിപ്പിച്ചത്. ആദ്യഘട്ടത്തില്‍ 20 ടണ്‍ അരിയാണ് വിപണിയിലെത്തിക്കുന്നത്. വൈക്കം വെച്ചൂരിലുള്ള മോഡേണ്‍ റൈസ് മില്ലിലാണ് നെല്ല് കുത്തി അരിയാക്കിയത്. നെല്ല് സംഭരിക്കുന്നതു മുതല്‍ പാക്ക് ചെയ്ത് ബ്രാന്ഡാക്കുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ കീച്ചേരി 668 ാം നമ്പര്‍ സഹകരണ സംഘമാണ് പൂര്‍ത്തിയാക്കിയത്.
എടക്കാട്ടുവയല്‍ പഞ്ചായത്തിലെ കൈപ്പട്ടൂര്‍, തോട്ടറ, അയ്യന്‍കുന്നം ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മനക്കത്താഴം, കുന്നംകുളം, തോട്ടറ, തൊള്ളിക്കരി, വിരിപ്പച്ചാല്‍, കണ്ണങ്കേരി എന്നീ ഒമ്പത് പാടശേഖരങ്ങളിലാണ് കൃഷി ഇറക്കിയത്. കൃഷി, ജലസേചന വകുപ്പുകള്‍ക്ക് പുറമെ എടക്കാട്ടുവയല്‍, ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തുകള്‍, കേരള ലാന്‍ഡ് ഡവലപ്മെന്റ് കോര്പ്പറേഷന്, വൈദ്യുതി ബോര്‍ഡ് എന്നിവയും കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്കി. കനാലുകള്‍ വൃത്തിയാക്കി ജലസേചന സൗകര്യം ഉറപ്പാക്കിയാണ് ഡിസംബര്‍ ആദ്യവാരം തോട്ടറയില്‍ വിത്തിറക്കിയത്. 20 കിലോമീറ്ററോളം കനാലുകള്‍ വൃത്തിയാക്കിയതിനൊപ്പം ഒലിപ്പുറം, പുലിമുഖം സ്ലൂയിസുകളില്‍ പമ്പിംഗിനും സംവിധാനമൊരുക്കിയിരുന്നു.
എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍, എടക്കാട്ടുവയല്‍, കോട്ടയം ജില്ലയിലെ വെള്ളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടറപ്പുഞ്ചയ്ക്ക് 1082 ഏക്കറോളമാണ് ആകെ വിസ്തൃതി. ഇതില്‍ 999 ഏക്കറാണ് ജില്ലയിലുള്ളത്. വിവിധ പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍, ഇടത്തോടുകളുടെയും ഫാം റോഡുകളുടെയും കനാലുകളുടെയും നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം 700 ഏക്കറാണ് അവശേഷിച്ചിരുന്നത്. ഇതില്‍ 652 ഏക്കറിലാണ് കൃഷി ഇറക്കിയത്.
ഒന്‍പത് മലകള്‍ക്ക് കീഴിലുള്ള താഴ്വാരമാണ് തോട്ടറ പുഞ്ച പ്രദേശം. മൂന്ന് തലങ്ങളിലായി കിടക്കുന്ന ഒന്‍പത് പാടശേഖരങ്ങളാണ് ഇവിടെയുള്ളത്. ആറു മാസത്തോളം വെള്ളക്കെട്ടിലായതിനാല്‍ ഏറ്റവും താഴ്ന്ന പ്രദേശത്ത് നിന്ന് വെള്ളം ഇറങ്ങുന്നതിന് താമസമെടുക്കും. പരമ്പരാഗത രീതിയിലുള്ള പെട്ടിയും പറയും ഉപയോഗിച്ചാണ് വെളളം നീക്കുന്നത്. ഇതിന് കാലതാമസമെടുക്കുന്നതിനാല്‍ കേന്ദ്രീകൃത പമ്പിംഗിന് പുറമെ 37 ലക്ഷം രൂപ ചെലവില്‍ പുഞ്ചയില്‍ ഏഴിടത്തായി 7.5 എച്ച്.പി ശേഷിയുള്ള 12 സബ്മെഴ്സിബിള്‍ പമ്പുകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ അടുത്ത വര്‍ഷം ഒക്ടോബര്‍ മാസത്തോടെ കൃഷി ആരംഭിക്കാനും മാര്‍ച്ചോടെ കൊയ്ത്ത് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രകാശ് പറഞ്ഞു. മുഴുവന്‍ പാടശേഖര സമിതികളുടെയും കണ്‍വീനര്‍മാരെയും കര്‍ഷക പ്രതിനിധികളെയും ജനപ്രതിനിധികളെയും ഉള്‍പ്പെടുത്തി തോട്ടറ പുഞ്ച വികസന സമിതി ഉടന്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ സഹകരണ സംഘമായി മാറാനാണ് ലക്ഷ്യം. നെല്ല് കുത്തി അരിയാക്കുന്നതിനുള്ള മില്ല് 40 ലക്ഷം രൂപ മുതല്‍മുടക്കില്‍ സ്ഥാപിക്കും. കുടുംബശ്രീയ്ക്കാണ് മില്ല് നടത്തിപ്പിന്റെ ചുമതല. ഈ വര്‍ഷം കുടുംബശ്രീയായിരിക്കും മില്ല് കുത്ത് അരിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ദീര്‍ഘകാലമായി തരിശിട്ടിരുന്ന പാടങ്ങളില്‍ ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം മുന്‍കൈയെടുത്തതോടെയാണ് തോട്ടറ പുഞ്ചയില്‍ നെല്ല് വിളഞ്ഞത്. ആമ്പല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജലജ മോഹന്‍, എടയ്ക്കാട്ടുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ജെസി പീറ്റര്‍ എന്നിവരും പദ്ധതിക്ക് പൂര്‍ണ്ണ സഹകരണം നല്കി. മന്ത്രി വി.എസ്. സുനില്‍ കുമാറും അനൂപ് ജേക്കബ് എംഎല്‍എയും കൃഷി പുരോഗതി വിലയിരുത്താന്‍ തോട്ടറ പുഞ്ചയിലെത്തി.
2016-17 ലാണ് തോട്ടറ പുഞ്ചയില്‍ നെല്‍കൃഷിക്ക് കളമൊരുങ്ങിയത്. കഴിഞ്ഞ വര്‍ഷം 350 ഏക്കറില്‍ വിത്തിറക്കി വിളവെടുത്തിരുന്നു. ജില്ല കളക്ടറുടെ നേതൃത്വത്തില്‍ വകുപ്പുകളെ ഏകോപിപ്പിച്ചും കനാലുകളും തോടുകളും പുനരുജ്ജീവിപ്പിച്ചും മറ്റ് അടിസ്ഥാനസൗകര്യങ്ങളൊരുക്കിയും നടത്തിയ പരിശ്രമമാണ് ഫലം കണ്ടത്. ഇതിന്റെ തുടര്‍ച്ചയിലാണ് ഈ വര്‍ഷം 652 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി കൃഷി മുടങ്ങിയതിനെ തുടര്‍ന്ന് വെള്ളം കയറിയും പുല്ലും പായലും കളകളും കെട്ടിനിന്നും പുഞ്ച നാശം നേരിടുകയായിരുന്നു. പായലും മാലിന്യങ്ങളും നിറഞ്ഞത് മൂലം തോടുകളിലെ നീഴൊഴുക്കും നാമമാത്രമായി. പാടശേഖര സമിതിയും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയതോടെയാണ് പരിഹാരത്തിന് വഴി തെളിഞ്ഞത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കളക്ടര്‍ കൂടി എത്തിയതോടെ കര്‍ഷകര്‍ക്ക് ആവേശമായി.
ശാസ്ത്രീയ നെല്‍കൃഷിയെക്കുറിച്ച് കര്‍ഷകര്‍ക്ക് അവബോധം പകരുന്നതിനായി ഫാര്‍മേഴ്സ് ഫീല്‍ഡ് സ്കൂളും കൃഷി വകുപ്പ് സംഘടിപ്പിച്ചിരുന്നു. 5,98,000 രൂപ ചെലവ് വരുന്ന 15 മിനി റൈസ് മില്ലുകളും പാടശേഖര സമിതിക്ക് കൈമാറിയിരുന്നു. കൂടാതെ 2.25 ലക്ഷം രൂപ ചെലവില്‍ ആത്മ പദ്ധതിയുടെ കീഴില്‍ 20 എച്ച് പി പമ്പ് സെറ്റും സ്ഥാപിച്ചിരുന്നു. പാടശേഖരങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഐഒസിയുടെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ഈ വര്‍ഷം എട്ട് ലക്ഷം രൂപയും കഴിഞ്ഞ വര്‍ഷം ആറു ലക്ഷം രൂപയും അനുവദിച്ചിരുന്നു.
പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ശ്രീദേവി, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്സണ്, ആമ്പല്ലൂര്‍, എടയ്ക്കാട്ടുവയല്‍ കൃഷി ഓഫീസര്‍എം.ഡി. സതീഷ് കുമാര്‍, എടയ്ക്കാട്ടുവയല്‍ കൃഷി ഓഫീസര്‍ പി.ജി. സീന, മുളന്തുരുത്തി കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ബിജി തോമസ്, കര്‍ഷക വികസന സമിതി ചെയര്മാന് കെ. ജയകുമാര്‍, സെക്രട്ടറി ഉണ്ണി എം. മന എന്നിവരും തോട്ടറ പുഞ്ച പദ്ധതിക്ക് നേതൃത്വം നല്കി.
- Log in to post comments