100 കുളം പദ്ധതി ~ ഇന്ന് (മേയ് 26) സമാപിക്കുന്നു.
കൊച്ചി: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്റ ഭാഗമായി ജലസ്രോതസുകളുടെ പുനരുജ്ജീവനവും സംരക്ഷണവും ഉറപ്പാക്കുന്നതിനായി നടപ്പാക്കിയ 100 കുളം പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് ഇന്ന് (മേയ് 26) സമാപനം.
രായമംഗലം പഞ്ചായത്തിലെ രണ്ട് ഏക്കര്‍ വരുന്ന ചെങ്ങതാരിചിറയില് 108ാമത് കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ധനമന്ത്രി ടി എം തോമസ് ഐസക് പദ്ധതിയുടെ സമാപനം നിര്‍വഹിക്കും; ഇന്ന് (മേയ് 26) വൈകുന്നേരം നാലിനാണ് പരിപാടി. മാര്‍ച്ച് 4 നു ആരംഭിച്ച പദ്ധതി 75 ദിവസങ്ങള്‍ കൊണ്ട് 100 പൊതുകുളങ്ങള്‍ നവീകരിച്ചു കൊണ്ട് പ്രഖ്യാപിത ലക്ഷ്യം മറികടന്നിരുന്നു.
പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഹരിത കേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി. എന്‍. സീമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനല്‍, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, കൊച്ചിന് ഷിപ്പിയാര്‍ഡ് ചെയര്മാന് മധു. എസ്. നായര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവീകരിച്ച കുളങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഡോക്യുമെന്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ധനകാര്യ മന്ത്രിക് കൈമാറും.
2016 ല്‍ ' എന്റെ കുളം എറണാകുളം ' എന്ന പേരില്‍ 55 പൊതുകുളങ്ങളും 2017 ല്‍ ' 50 ദിവസം കൊണ്ട് 100 കുളം ' എന്ന പേരില്‍ 60 ദിവസങ്ങള്‍ കൊണ്ട് 151 കുളങ്ങളും നവീകരിച്ചിരുന്നു. ഈ വര്‍ഷം 'നുറു കുളം മൂന്നാം ഘട്ടം' എന്ന പേരില്‍ ആരംഭിച്ച പദ്ധതിയില്‍ 46 പഞ്ചായത്തുകളിലും മൂന്ന് മുനിസിപ്പാലിറ്റികളിലുമായി 107 കുളങ്ങള്‍ നവീകരിച്ചു. കൊച്ചിന് ഷിപ്പിയാര്‍ഡിന്റെ സാമൂഹ്യപ്രതിബന്ധതാ ഫണ്ട് വിഹിതവും മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ ഹരിത കേരളം പദ്ധതി ഫണ്ടും ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആദ്യ ആഴ്ച ആമ്പല്ലൂര്‍ പഞ്ചായത്തിലെ ചമ്പന്നകുളവും അടുത്ത ആഴ്ച രണ്ടു കുളങ്ങളും മുന്നാമത്തെയാഴ്ച അഞ്ചുകുളങ്ങളുമാണ് ശുചീകരിച്ചത്. എന്നാല്‍ തദ്ദേശസ്ഥാപനങ്ങളുടെയും പൊതു ജനങ്ങളുടെയും അവശേകരമായ പങ്കാളിത്തത്തോടെ ഏപ്രില്‍ രണ്ടാം വാരത്തോടെ ആഴ്ചയില്‍ 15 കുളങ്ങള്‍ വീതം നവീകരിച്ചു.
അവധിദിനങ്ങളില്‍, നവീകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ്. വൈ. സഫിറുള്ള നേരിട്ട് പങ്കാളിയായി. സബ് കളക്ടര്‍, അസി. കളക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, മറ്റു ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മേല്‍നോട്ടം വഹിച്ചിരുന്നു. അന്‍പൊടു കൊച്ചി വോളന്റീര്‍മാരുടെ സന്നദ്ധ സേവനവും, ഹരിതകേരളം മിഷന്, മൈനര്‍ ഇറിഗേഷന്‍, ശുചിത്വ മിഷന്, എന്‍എസ്എസ് ടെക്നീകല്‍ സെല്‍, നെഹ്റു യുവ കേന്ദ്ര, തൊഴിലുറപ്പു പദ്ധതി എന്നീ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണയും പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് സഹായിച്ചു. കുളങ്ങള്‍ നന്നായി പരിപാലിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ പ്രത്യേക അവാര്‍ഡുകളും നല്കി.
സമാപനച്ചടങ്ങില്‍ ടെല്‍ക് ചെയര്മാന് എന്‍ സി മോഹനന്, കേരള സംസ്ഥാന ഫാമിങ് കോര്പറേഷന് ചെയര്മാന് കെ കെ അഷ്റഫ്, മുന്‍ എംഎല്‍എ സാജു പോള്‍, ഹരിതകേരളമിഷന് ജില്ലാ കോഓഡിനേറ്റര്‍ സുജിത് കരുണ്‍, മൈനര്‍ ഇറിഗേഷന്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ എംഎ സെബാസ്റ്റ്യന്‍, കൂവപ്പടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനിബാബു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജാന്‍സി ജോര്‍ജ്, ബേസില്‍ പോള്‍, ബ്ളോക്കുപഞ്ചായത്തംഗം ബിന്ദു ഗോപാലകൃഷ്ണന്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൗമിനി ബാബു, ഗ്രാമപഞ്ചായത്തംഗം എല്‍സി പോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments