Skip to main content

സ്‌കൂള്‍ തുറക്കും മുമ്പ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍. ജില്ലയില്‍ വിതരണം ചെയ്തത് 50,60,000 പുസ്തകങ്ങള്‍

രണ്ടാം ഘട്ടത്തില്‍ ആറ് ലക്ഷം പുസ്തകങ്ങളെത്തി: വിതരണം ജൂണ്‍ പകുതിയോടെ
പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന്റെ ഭാഗമായി കൃത്യമായ മുന്‍ ഒരുക്കത്തിലൂടെ വിദ്യാഭ്യാസ വകുപ്പ് ഇത്തവണ സ്‌കൂള്‍ തുറക്കും മുമ്പ് പാഠപുസ്‌കങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൈകളിലെത്തിച്ചു. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഒന്നാംഘട്ടത്തില്‍ വളരെ നേരത്തെ തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കാനായി എന്നതാണ് ഇത്തവണത്തെ നേട്ടം. ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ അന്‍പത് ലക്ഷത്തി അറുപതിനായിരം പാഠപുസ്തകങ്ങളാണ് വിതരണം ചെയ്തത്.  മാര്‍ച്ച് 25നകം തന്നെ ജില്ലയിലെ 327 സ്‌കൂള്‍ സൊസൈറ്റികള്‍ മുഖേന നാല്‍പ്പത്തിയഞ്ച് ലക്ഷത്തിലധികം പാഠപുസ്തകങ്ങളാണ് വിദ്യാര്‍ത്ഥികളിലെത്തിച്ചത്. ഇതിന് പുറമെ 17 എ.ഇ.ഒമാര്‍ ആവശ്യപ്പെട്ടതു പ്രകാരം അറുപതിനായിരം പുസ്തകങ്ങള്‍ അധികമായും നല്‍കി. കലക്ട്രേറ്റിലെ പാഠപുസ്തക ഡിപ്പോയില്‍ നിന്ന് ഇതിനകം 170 അണ്‍ എയ്ഡഡ് സ്‌കൂളുകളാണ് പാഠപുസ്തകങ്ങള്‍ ഏറ്റുവാങ്ങിയത്. ഈ ഇനത്തില്‍ അഞ്ച് ലക്ഷം പാഠപുസ്തകങ്ങളും അനുവദിച്ചു. ഇതിന് പുറമെ അഞ്ച്, ആറ്, ഏഴ്, എട്ട് ക്ലാസുകളിലേക്കുള്ള  'ആരോഗ്യ കായിക വിദ്യാഭ്യാസം' ആക്ടിവിറ്റി ബുക്കും ഇത്തവണ സ്‌കൂള്‍ സൊസൈറ്റികള്‍ക്ക് കലക്ട്രേറ്റിലെ പാഠപുസ്തക ഡിപ്പോയില്‍ നിന്ന് നേരത്തെ തന്നെ നേരിട്ട് എത്തിച്ചുകൊടുക്കാനുമായി.
കേരള ബുക്ക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റിയുടെ കാക്കനാട്ടെ പ്രസില്‍ നിന്ന് രണ്ടാം ഘട്ടവിതരണത്തിനുള്ള ഹൈസ്‌കൂള്‍ വിഭാഗത്തിലെ ആറ് ലക്ഷത്തോളം പാഠപുസ്തകങ്ങള്‍ കലക്ട്രേറ്റിലെ പാഠപുസ്തക ഡിപ്പോയില്‍ എത്തിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങളിലെ പാഠപുസ്തകങ്ങള്‍ ജൂണ്‍ ആദ്യവാരത്തില്‍ തന്നെ എത്തുമെന്നും ജൂണ്‍ പകുതിയോടെ രണ്ടാം ഘട്ട വിതരണം തുടങ്ങുമെന്നും കെ.ബി.പി.എസ് സെയില്‍സ് ഓഫീസര്‍ ജോജി ഐസക്ക് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20നാണ് ഒന്നാം ഘട്ട വിതരണം പൂര്‍ത്തീകരിച്ചിരുന്നത്. ഇത്തവണ ഒരു മാസം മുമ്പ് തന്നെ ഒന്നാംഘട്ട വിതരണ നടപടികള്‍ പൂര്‍ത്തീകരിക്കാനായി.
മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂളുകളില്‍ അധ്യയനം തുടങ്ങിയിട്ടും പാഠപുസ്തകങ്ങള്‍ ലഭ്യമാകാതിരുന്നത് വിദ്യാര്‍ത്ഥികളെ സാരമായി ബാധിച്ചിരുന്നു. ഈയൊരു അനുഭവം കണക്കിലെടുത്താണ് പൊതുവിദ്യാഭ്യാസ വകുപ്പ് കൃത്യമായ ആസൂത്രണത്തിലൂടെ പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂര്‍ത്തിയാക്കി സ്‌കൂള്‍ തുറക്കും മുമ്പ് പാഠപുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞം സംസ്ഥാന സര്‍ക്കാര്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഫലമാണ് സമയബന്ധിതമായ പാഠപുസ്ത വിതരണത്തിലും പ്രതിഫലിച്ചത്.

 

date