Skip to main content

മൂന്നിയൂര്‍ കളിയാട്ടം : ആള്‍ക്കൂട്ടങ്ങള്‍ എത്തുന്നത് കുറക്കണം. ആരോഗ്യ വകുപ്പിന്റെ നിദേശങ്ങള്‍ പാലിക്കണം. - ജില്ലാ കലക്ടര്‍.

മൂന്നിയൂര്‍ പഞ്ചായത്തില്‍ ആരോഗ്യ  വകുപ്പ് ജാഗ്രത പ്രഖ്യാപിച്ച സഹചര്യത്തില്‍ കളിയാട്ടത്തിന് കൂട്ടമായി എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്തണമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അഭ്യര്‍ത്ഥിച്ചു. മൂന്നിയൂര്‍ കളിയാട്ടം ആരോഗ്യ - ശുചിത്വമാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുവെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  മൂന്നിയൂര്‍ കളിയാട്ടത്തിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ നടന്ന ക്ഷേത്ര ഭാരവാഹികളോടും ജന പ്രതിനിധികളോടുയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
 മൂന്നിയൂര്‍ പഞ്ചായത്തില്‍ നിപ വൈറസ് വ്യാപനമായി ബന്ധപ്പെട്ട് ജാഗ്രത പ്രഖ്യാപിച്ചതിനാല്‍ ഇവിടെ ആള്‍ക്കൂട്ടങ്ങളുടെ ഒത്തുകൂടലുകള്‍  നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ആയതിനാല്‍ ആളുകള്‍ കൂട്ടം കൂടി ഉത്സവത്തിനെത്തുന്ന പ്രവണത ഒഴിവാക്കണം. ഇതിനു പുറമ ഉത്സവത്തിനെത്തുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളോട് സഹകരിക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുടുംബ സമേതം ആളുകള്‍ എത്തുന്ന  ഉത്സവമാണ് കളിയാട്ടം. നിപ വൈറസ് വ്യാപനത്തില്‍ ജില്ലയില്‍ ആശങ്കയില്ലെങ്കിലും എല്ലാവരും വീടുകളില്‍ വിശ്രമിക്കണമെന്നാണ് ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്നത്. ഇത്തരം കാര്യങ്ങളില്‍ കുറച്ച് ദിവസങ്ങളില്‍ കൂടി വീഴ്ചയുണ്ടാവരുത്.
കളിയാട്ടം നിരീക്ഷിക്കുന്നതിനും ആരോഗ്യ - ശുചിത്വ നിര്‍ദ്ദേശങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തില്‍ പ്രത്യേക സ്‌ക്വാഡിനെ ജില്ലാ കലക്ടര്‍ നിയോഗിച്ചു.
മേഖലയില്‍ മാലിന്യം നിയന്ത്രിക്കുന്നതിനും ക്യത്യമായ വേസ്റ്റ് നിക്ഷേപത്തിനും പഞ്ചായത്ത് സൗകര്യം ഏര്‍പ്പെടുത്തും. ഇതിനു പുറമെ പൊതുജനങ്ങളില്‍ ആരോഗ്യ ജാഗ്രതയുടെ സന്ദേശം എത്തിക്കുന്നതിന് കൂടുതല്‍ ഇടപെടല്‍ നടത്തും. മൂന്നിയൂരിലും പരിസരത്തും ജാഗ്രതാ സന്ദേശത്തിന്റെ ഭാഗമായി മൈക്ക് പ്രചരണവും നോട്ടീസ് വിതരണവും നടത്തും.
കളിയാട്ടക്കാവിലും പരിസരത്തും പരസ്യമായ ഭക്ഷണ പാനിയങ്ങളുടെ വില്‍പ്പന യാതൊരു കാരണവശാലും അനുവദിക്കില്ല.. ചക്ക,വത്തക്ക, കൈതച്ചക്ക തുടങ്ങിയ വസ്തുക്കള്‍ മുറിച്ചു വില്‍ക്കുന്നത് തടയും. കളിയാട്ടത്തിനെത്തുന്നവര്‍ തിളപ്പിച്ചാറിയ വെള്ളം കയ്യില്‍ കരുതണം. തുറന്ന ഭക്ഷണ പാനിയങ്ങള്‍ യാതൊരു കാരണവശാലും കഴിക്കരുത്. ഭക്തര്‍ക്ക് ക്ഷേത്രകമ്മിറ്റി സൗജന്യമായി ക്ഷേത്ര പരിസരത്ത് സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്.. ഇത് പരമാവധി ഉപയോഗപ്പെടുത്തണം. പൊതുജനങ്ങള്‍ അനാവശ്യമായി പ്ലാസ്റ്റിക് കവറുകളും മറ്റു പ്രദേശത്തേക്ക് കൊണ്ടുവരരുത്.   
ജൂണ്‍ ഒന്നിനാണ് കളിയാട്ടം നടക്കുന്നത് പ്രസ്തുത ദിവസം സ്‌കൂള്‍ തുറക്കുന്നതിനാല്‍ തിരക്ക് പരിഗണിച്ച് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കും. ഇതിനു പുറമെ പ്രദേശത്ത് പ്രസ്തുത ദിവസം മദ്യ നിരോധനവും ഏര്‍പ്പെടുത്തും. ഉത്സവത്തിന് മുന്നോടിയായി പ്രദേശത്ത് എക്‌സൈസ് വകുപ്പിന്റെ നേത്യത്വത്തില്‍ വിപുലമായ പരിശോധനയും നടത്തുന്നതിനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലവിലെ സഹചര്യത്തില്‍  ഉത്സവം നടത്തുന്നത് സംബന്ധിച്ച  ആലോചിക്കാന്‍ പൊയ്ക്കുതിര സംഘ നേതാക്കളുടെ യോഗം മെയ് 29 വൈകിട്ട് നാലിന് ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പരിസരത്ത് നടത്തും. ആരോഗ്യ വകുപ്പ്,റനന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടക്കും. ഉത്സവ ദിവസം ആളുകളെ എണ്ണത്തില്‍ കുറവ് വരുത്തുന്നതിനെ കുറിച്ചും ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും യോഗത്തില്‍ തീരമാനമുണ്ടാവും.
യോഗത്തില്‍ പി.ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍,അസി.കലക്ടര്‍ വികല്‍പ് ഭരദ്വാജ്,ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാര്‍, എ.ഡി.എം.വി.രാമ ചന്ദ്രന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.സക്കീന, ആര്‍.ഡി.ഒ. മോബി ജെ.ക്ഷേത്ര അഡ്‌ഹോക് കമ്മിറ്റി മെമ്പര്‍ എ.നാരായണന്‍, ഹൈ കോര്‍ട്ട് ഒബ്‌സര്‍വര്‍ ഇ.നാരായണന്‍ തുടങ്ങിവര്‍ പങ്കെടുത്തു.

 

date