Skip to main content

എം.പി. ലാഡ്‌സ്: ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

 

കാക്കനാട്: ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ പ്ലാനിങ് ഓഫീസറുടെ അധ്യക്ഷതില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന പ്രൊഫ.കെ.വി.തോമസ് എം.പി.യുടെ എം.പി.ലാഡ്‌സ് അവലോകനയോഗം നിര്‍ദേശിച്ചു.  

2014-15 മുതല്‍ 2017-18 സാമ്പത്തിക വര്‍ഷം വരെയുള്ള 352 പദ്ധതികള്‍ക്ക് 4475.42 ലക്ഷം രൂപ അനുവദിക്കുകയും 2332.98 ലക്ഷം രൂപയുടെ 176 പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കുകയും 1138.27 ലക്ഷം രൂപ വിനിയോഗിച്ച്  111 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കൂടാതെ 339.48 ലക്ഷം രൂപയുടെ 65 പ്രവൃത്തികള്‍ പുരോഗമിക്കുന്നുമുണ്ട്.

പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ നില്‍ക്കുന്ന പ്രവൃത്തികളുടെ ഭാഗിക ബില്ലും പൂര്‍ത്തിയായ പ്രവൃത്തികളുടെ അന്തിമ ബില്ലും ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒരാഴ്ച്ചക്കുള്ളില്‍ സമര്‍പ്പിക്കണം.  ബില്ല് സമര്‍പ്പിക്കുന്ന മുറയ്ക്ക് മാത്രമേ കേന്ദ്രസര്‍ക്കാരില്‍നിന്നും അടുത്ത ഗഡു ലഭിക്കൂ.  ട്രസ്റ്റ്, സൊസൈറ്റി വിഭാഗങ്ങളില്‍പെടുന്ന പ്രവൃത്തികള്‍ക്ക് നീതി ആയോഗിന്റെ 'ദര്‍പ്പണ്‍ പോര്‍ട്ടല്‍' മുഖേനയുള്ള യു.ഐ.ഡി. നമ്പര്‍ ലഭിക്കാന്‍ അതത് മാനേജ്‌മെന്റിനെ സമീപിക്കണമെന്നും എസ്റ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.  ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിശദവിവരം സഹിതം എസ്റ്റിമേറ്റ് സമര്‍പ്പിക്കണം.  പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള പ്രവൃത്തികളുടെ പ്രായോഗികതാ സര്‍ട്ടിഫിക്കറ്റ് യഥാസമയം നല്‍കണമെന്നും അംഗപരിമിതര്‍ക്കുള്ള മുച്ചക്രവാഹനം ലഭിക്കുന്നതിന് യോഗ്യത നേടിയവരുടെ പട്ടികയും വാഹനത്തിന്റെ പ്രത്യേകതകളും സംബന്ധിച്ച് വിശദവിവരം സമര്‍പ്പിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.  

പെരിയാര്‍വാലി ഇറിഗേഷന്‍ കനാല്‍ സംരക്ഷണഭിത്തിയുടെ പ്രവൃത്തിയ്ക്ക് പെരിയാര്‍വാലി ഇറിഗേഷന്‍ പ്രൊജക്ടിന്റെ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതില്‍ കാലതാമസം വരുത്തരുതെന്നും നിര്‍ദ്ദേശിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖേന നടത്തുന്ന സ്മാര്‍ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടര്‍വല്‍കരണം, സ്‌കൂള്‍ ബസ് എന്നിവയുടെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും അടിയന്തിരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.  

ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍മാര്‍, നഗരസഭാ ഉദ്യോഗസ്ഥര്‍, റെയില്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date