ട്രോളിംഗ് നിരോധം ജൂണ്‍ പത്ത് മുതല്‍
മത്സ്യത്തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിനും കടലിലെ മത്സ്യോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ പത്തിന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി. ജെ. മേഴ്സിക്കുട്ടി അമ്മ അറിയിച്ചു.
ട്രോളിംഗ് നിരോധനം സംബന്ധിച്ച് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിളിച്ചു ചേര്‍ത്ത മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന് പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ചര്‍ച്ചകള്‍ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ദേശീയ ട്രോളിംഗ് നയത്തിന്റെ ഭാഗമായി 61 ദിവസമാണ് തമിഴ്നാട് ഉള്‍പ്പടെയുള്ള മറ്റു സംസ്ഥാനങ്ങള്‍ ട്രോളിംഗ് നിരോധിക്കുന്നത്. കേരളത്തില്‍ ഇത് 47 ദിവസമായിരുന്നു. കടലിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും മത്സ്യ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുള്ള കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മാറി നില്‍ക്കാനാവില്ല. ഘട്ടംഘട്ടമായി 61 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടിയായാണ് ട്രോളിംഗ് നിരോധന കാലാവധി 47 ല്‍ നിന്ന് ഏഴ് ദിവസം കൂട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ തുടര്‍ന്നു നടന്ന ചര്‍ച്ചകളുടെയും സമവായത്തിന്റെയും അടിസ്ഥാനത്തില്‍ അഞ്ച് ദിവസമായി വര്‍ദ്ധിപ്പിച്ചു. അതിനാല്‍ നടപ്പു വര്‍ഷം സംസ്ഥാനത്ത് 52 ദിവസം ട്രോളിംഗ് ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
ട്രോളിംഗ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കടല്‍ പട്രോളിംഗിനുമായി 17 സ്വകാര്യ ബോട്ടുകള്‍ വാടകയ്ക്ക് എടുക്കുമെന്നും, ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കടലുമായി ബന്ധമുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 80 പേരെ ഉള്‍പ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തും. കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിംഗിനും ആവശ്യമായ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുന്‍പ് കേരള തീരം വിടണം. ഹാര്‍ബറുകളിലും ലാന്റിംങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കു നിബന്ധനകളോടെ മത്സ്യഫെഡിന്റെ ബങ്കുകളില്‍ നിന്ന് ഡീസല്‍ അനുവദിക്കും. സാഹചര്യം വിലയിരുത്താന്‍ ജില്ലാ കളക്ടര്‍മാരുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ വിളിച്ചുചേര്‍ക്കും. കടല്‍ സുരക്ഷയുടെയും തീരസുരക്ഷയുടെയും ഭാഗമായി ബയോമെട്രിക്ക് ഐ.ഡി കാര്‍ഡുകള്‍ മത്സ്യത്തൊഴിലാളികള്‍ കരുതണം. ട്രോളിംഗ് നിരോധന സമയം മത്സ്യബന്ധന ബോട്ടുകള്‍ക്കുള്ള ഏകീകൃത കളര്‍ കോഡിംഗ് പൂര്‍ത്തീകരിക്കണമെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളി ഫെഡറേഷന് സെക്രട്ടറി പി.പി. ചിത്തരഞ്ജന്, ഫിഷറീസ് ഡയറക്ടര്‍ എസ്. വെങ്കിടേസപതി, കൊല്ലം പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍. ബി. കൃഷ്ണ, തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ പി. പ്രകാശ്, റ്റി. പീറ്റര്‍, റ്റി. രഘുവരന്, ജോസഫ് സേവ്യര്‍ കളച്ചുനന്, ആര്. അഗസ്റ്റിന് ഗോമസ്, ഉമ്മര്‍ ഒട്ടുവാന്‍, പി.പി. ഗിരീഷ്, എ.എസ്. ബന്നി, ഉദയഘോഷ്, അഡ്വ. അഡോള്‍ഫ് ജി മോറസ്, പി.പി.ജോണ്‍, പുല്ലുവിള സ്റ്റാന്‍ലി, ചാര്സ് ജോര്‍ജ്, പീറ്റര്‍ മത്യാസ്, അലോഷ്യസ്, ബാബു ഫ്രാന്‍സിസ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി.എന്‍.എക്സ്.2101/18
- Log in to post comments