നാടിന്റെ മുന്നോട്ടുപോക്കില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം വേണം- മുഖ്യമന്ത്രി
നാടിന്റെ മുന്നോട്ടുപോക്കില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രണ്ടുവര്‍ഷം കൊണ്ടു നാടിന്റെ ഭാവിയെക്കുറിച്ച് പ്രത്യാശയും പ്രതീക്ഷയും നാട്ടുകാരില്‍, പ്രത്യേകിച്ച് യുവജനങ്ങളില്‍ ഉണ്ടായതായും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിന്റെ വികസനപ്രശ്‌നങ്ങളില്‍ പ്രതിപക്ഷത്തെയുള്‍പ്പെടെ സഹകരിപ്പിച്ച് മുന്നോട്ടുപോകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍വകക്ഷിയോഗത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടുണ്ട്. അപ്പോഴൊക്കെ ഒന്നിച്ച് കൂട്ടായ തീരുമാനങ്ങളും നിലപാടുകളുമാണ് ഉണ്ടായിട്ടുള്ളത്.
നടക്കില്ലെന്ന് കരുതിയ പല വികസനപ്രവര്‍ത്തനങ്ങളും നടത്താനായി. ദേശീയപാത 45 മീറ്ററില്‍ പൂര്‍ത്തിയാകുന്നു, ഭൂരിഭാഗം സ്ഥലം ഏറ്റെടുപ്പും പൂര്‍ത്തിയായി. മലയോര, തീരദേശ ഹൈവേകള്‍ക്ക് പണം കണ്ടെത്തി നിര്‍മാണം ആരംഭിക്കാവുന്ന നിലയിലായി. കോവളം-ബേക്കല്‍ ജലപാത 2020 ഓടെ യാഥാര്‍ഥ്യമാകും. ജലപാത വരുന്നത് നാട്ടുകാരായ യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്ന് മാത്രമല്ല, ടൂറിസ്റ്റുകളെയും ആകര്‍ഷിക്കും.
കണ്ണൂര്‍ വിമാനത്താവളം സെപ്റ്റംബറില്‍ ഉദ്ഘാടനം ചെയ്യാനാകും. കൂടാതെ ശബരിമല വിമാനത്താവളവും വരുന്നു.
ഗെയില്‍ വാതകപൈപ്പ്‌ലെന്‍ ഒക്‌ടോബറോടെ മംഗലാപുരം വരെയുള്ള ഭാഗം പൂര്‍ത്തിയാകും. ഇതോടെ വ്യവസായങ്ങള്‍ക്ക് ഗ്യാസ് നല്‍കാനാവും. സിറ്റി ഗ്യാസ് പദ്ധതിയും വ്യാപിപ്പിക്കും. കൂടംകുളത്ത് നിന്നുള്ള വൈദ്യുതി ലൈന്‍ സമയബന്ധിതമായി പൂര്‍ത്തിയാകുന്നു.
നാടിനോട് പ്രതിബദ്ധതയുള്ള സര്‍ക്കാരുള്ളതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ നടത്താനാകുന്നത്. വികസനത്തിന്റെ ഭാഗമായി വിഷമങ്ങളുണ്ടാകുന്നവര്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കും. അതുകൊണ്ടാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനാകുന്നത്.
പിന്നിലേക്ക് പോയ വ്യവസായങ്ങളെ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുവരാനായി. മറ്റുള്ളവരുടെ കുറേയേറെ പൊതുമേഖലാസ്ഥാപനങ്ങളെ ലാഭത്തിലേക്ക് കൊണ്ടുവരാനായി. നഷ്ടത്തിലുള്ളവയുടെ നഷ്ടം കുറയുകയും ചെയ്തു. പരമ്പരാഗത മേഖലയും സജീവമായി. തൊഴിലാളികള്‍ക്ക് ആത്മവിശ്വാസവും ആത്മവീര്യവും കൈവന്നു. വിനോദസഞ്ചാരികള്‍ക്ക് വരാന്‍ കഴിയുന്ന നാടായി കേരളത്തെ സജ്ജമാക്കുന്നു. മാലിന്യനിര്‍മാര്‍ജനത്തിലും പരിസരശുചിത്വത്തിലും കൂടുതല്‍ ശ്രദ്ധ വന്നാല്‍ ടൂറിസം മേഖല ഇനിയും വളരും. ഇക്കാര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ നല്ല ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.
വ്യവസായ സൗഹൃദസംസ്ഥാനമായി കേരളത്തെ മാറ്റാന്‍ നടപടികളെടുത്തു. ഇതിനായി ഏഴുനിയമങ്ങളാണ് ഭേദഗതി ചെയ്തത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഇനിയും വ്യവസായങ്ങള്‍ വരും. നാടിന്റെ വ്യവസായങ്ങള്‍ക്കനുസരിച്ചുള്ള വ്യവസായങ്ങളാകും വരിക.
ചെറുപ്പക്കാര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഉദ്യോഗദായകരാകുന്നു. സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി നിരവധി പേരാണ് കടന്നുവരുന്നത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനും സ്ത്രീ ശാക്തീകരണത്തിനും പ്രത്യേക ശ്രദ്ധ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. മത്‌സ്യത്തൊഴിലാളികള്‍ക്കായി 2000 കോടിയുടെ പാക്കേജാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
അധസ്ഥിതരുടെയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്നവരുടേയും വികസനമാണ് നാടിന്റെ വികസനമെന്നും ആ കാഴ്ചപ്പാടോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വികസന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ പൊതുസമവായം വേണമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രണ്ടുവര്‍ഷക്കാലത്തിനുള്ളില്‍ 125 ദിവസമാണ് നിയമസഭ ചേര്‍ന്നത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങേളക്കാള്‍ വലിയ നേട്ടമാണിത്. പതിറ്റാണ്ടുകള്‍ക്ക്‌ശേഷം നിയമസഭയ്ക്ക് മാര്‍ച്ച് 31 ഓടെ ബജറ്റുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ മാസത്തോടെ പദ്ധതിപ്രവര്‍ത്തനം ആരംഭിക്കാവുന്ന നിലയിലേക്ക് വളരാനായതായും സ്പീക്കര്‍ പറഞ്ഞു.
പി.എന്‍.എക്‌സ്.2102/18
- Log in to post comments