താനൂരില്‍ 48 കുടുംബങ്ങളെ ദുരിതത്തിലാക്കിയ വെള്ളക്കെട്ടിന് എം.എല്‍.എയുടെ ഇടപെടലിലൂടെ പരിഹാരം
താനൂര്‍ നഗരസഭാ പരിധിയില്‍പ്പെടുന്ന താനൂര്‍, ചിറക്കല്‍ കളരിപ്പടി, മുക്കോല പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പൂരപ്പുഴ അറബിക്കടലിനോട് ചേരുന്ന താനൂര്‍ ഒട്ടുംപുറം അഴിമുഖത്ത് രൂപപ്പെട്ട മണ്‍തിട്ട ജെ.സി.ബി ഉപയോഗിച്ച് റവന്യൂ- പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. കനത്ത മഴയില്‍ വീടുകളിലേക്ക് വെള്ളം കയറിയതോടെ ദുരിതത്തിലായ അന്‍പതോളം കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമായി.
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിലാണ് താനൂര്‍ നഗരസഭയിലെ 43, 44, രണ്ട് ഡിവിഷനുകളില്‍പ്പെടുന്ന താനൂര്‍, ചിറക്കല്‍, മുക്കോല പ്രദേശങ്ങളില്‍ വീടുകളിലേക്ക് വെള്ളം കയറിയത്. സെപ്റ്റിക് ടാങ്കുകള്‍ നിറഞ്ഞൊഴുകി പ്രദേശത്ത് മാലിന്യം പരക്കാനും ഇത് ഇടയാക്കിയിരുന്നു.
വി അബ്ദുറഹ്മാന്‍ എം.എല്‍.എയാണ് സ്ഥലം സന്ദര്‍ശിച്ച് മണ്‍തിട്ട പൊളിച്ചുനീക്കാന്‍ നിര്‍ദേശം നല്‍കിയത്. ജില്ലാ കളക്ടറുമായും ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ട ശേഷമാണ് മണ്‍തിട്ട നീക്കാന്‍ നടപടി സ്വീകരിച്ചത്. പ്രദേശം അണുവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. തിരൂര്‍ താലൂക്ക് ഓഫീസിലെ ഭൂരേഖാ തഹസില്‍ദാര്‍ എം ഷാജഹാന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ പി ഉണ്ണി, മധുസൂദനന്‍, താനൂര്‍ പരിയാപുരം വില്ലേജ് ഓഫീസര്‍ പി സിന്ധു എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
- Log in to post comments