Skip to main content

ദേശീയപാത സ്ഥലമെടുപ്പ്: ജില്ലാ കലക്ടര്‍ക്ക് മന്ത്രിയുടെ അഭിനന്ദനം

ദേശീയപാത സ്ഥലമെടുപ്പിന്റെ കാര്യത്തില്‍ മലപ്പുറം ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റ് ജില്ലകള്‍ക്ക് മാതൃകയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഇതിന് നേതൃത്വം നല്‍കിയ കലക്ടര്‍ അമിത് മീണയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ദേശീയപാത സ്ഥലമെടുപ്പ് സംബന്ധിച്ച അവലോകന വിഡിയോ കോണ്‍ഫറന്‍സിലാണ് മന്ത്രി കലക്ടറെ അഭിനന്ദിച്ചത്.
ജൂണ്‍ 10നകം സര്‍വേ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ച സമയപരിധിയായ   ജൂണ്‍ 30 ന് മുമ്പ് 3 ഡി പ്രസിദ്ധീകരിക്കുമെന്നും ജില്ലാകലക്ടര്‍ അമിത് മീണ യോഗത്തില്‍ അറിയിച്ചു. തിരൂര്‍  താലൂക്കിന്റെ 3 ഡി വിവരങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അലൈന്‍മെന്റ് സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ വന്നാല്‍ ഉടന്‍ പ്രസിദ്ധീകരിക്കാന്‍ കഴിയും. തിരൂരങ്ങാടി, പൊന്നാനി, കൊണ്ടോട്ടി താലൂക്കുകളില്‍ സര്‍വേ പുരോഗമിക്കുകയാണെന്നും കലക്ടര്‍ പറഞ്ഞു.
     മറ്റ് ജില്ലകളെ അപേക്ഷിച്ച് അല്പം വൈകിയാണ് മലപ്പുറം ജില്ലയില്‍ 3 എ വിജ്ഞാപനം വന്നത്. ഈ സാഹചര്യത്തിലും പരാതികള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞു എന്നതിനാലാണ് മലപ്പുറം സംസ്ഥാനത്തിന് മാതൃകയാകുന്നത്.
പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ ആശിഷ് ദ്വിവേദി, മലപ്പുറം ജില്ലാകലക്ടര്‍ അമിത് മീണ, ഡപ്യൂട്ടി കലക്ടര്‍(എല്‍.എ) ഡോ.ജെ.ഒ. അരുണ്‍, ദേശീയപാത അതോറിറ്റി ലെയ്‌സണ്‍ ഓഫീസര്‍ പി.പി.എം അഷ്‌റഫ്, പി.ഡബ്ല്യു.ഡി (എന്‍.എച്ച്) എക്‌സി. എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മായില്‍ തുടങ്ങിയവര്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

 

date