കടല്‍ക്ഷോഭത്തില്‍ വള്ളങ്ങള്‍ തകര്‍ന്ന സംഭവം: നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ശ്രമം തുടങ്ങി
താനൂര്‍ തീരദേശത്ത് കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന രജിസ്ട്രേഷനുള്ള മത്സ്യബന്ധന വള്ളങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ വി അബ്ദുറഹ്മാന്‍ എം.എല്‍.എ ശ്രമം തുടങ്ങി. കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാരില്‍ അടിയന്തിര ശ്രദ്ധ ചെലുത്തുമെന്ന് വി.അബ്ദുറഹിമാന്‍ എം.എല്‍.എ പറഞ്ഞു. അടുത്ത കാലവര്‍ഷത്തിന് മുമ്പ് ഹാര്‍ബര്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണെന്നും എം.എല്‍.എ അറിയിച്ചു.
ശക്തമായ കാറ്റും മഴയെയും തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ താനൂര്‍ കടപ്പുറത്ത് 25 മത്സ്യബന്ധന വള്ളങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി തകര്‍ന്നത്. നിര്‍ദിഷ്ട ഹാര്‍ബര്‍ പ്രദേശത്ത് നങ്കൂരമിട്ട വള്ളങ്ങളാണ് നശിച്ചത്. വള്ളങ്ങള്‍ക്കൊപ്പം എന്‍ജിനുകള്‍, വലകള്‍ തുടങ്ങിയ മത്സ്യബന്ധന ഉപകരണങ്ങളും നശിച്ചിരുന്നു.
- Log in to post comments