Skip to main content

സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനം

 കുട്ടികളുടെ സുരക്ഷിതത്വവും അച്ചടക്കവും ലക്ഷ്യമിട്ട് സ്‌കൂള്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ജില്ലാ-ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും പ്രധാനധ്യാപകര്‍ക്കും കമ്മിറ്റി പ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
പഞ്ചായത്ത് - ബ്ലോക്ക് തലത്തില്‍ നടക്കുന്ന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി യോഗത്തില്‍ സ്‌കൂള്‍ അധ്യാപകരും പോലീസ് - എക്സൈസ് വകുപ്പ് പ്രതിനിധികളും പങ്കെടുക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് നടപടികള്‍ വേഗത്തിലാക്കാനും ജില്ലയില്‍ പ്രത്യേക പോക്സോ കോടതി സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടിയെടുക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജില്ലയിലെ മുഴുവന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അംഗങ്ങളെയും പങ്കെടുപ്പിച്ച് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനച്ചു. സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍,  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഉമ്മര്‍ അറക്കല്‍, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ കൃഷ്ണ മൂര്‍ത്തി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി എന്നിവര്‍ പങ്കെടുത്തു.

 

date