Skip to main content
 തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവത്തിനെത്തിയ നവാഗതര്‍ മധുരം കഴിക്കുന്നു. 

    ജില്ലാതല പ്രവേശനോത്സവം അവീസ്മരണീയമാക്കി          തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂള്‍

 പാട്ടുപാടിയും നൃത്തംചെയ്തും മധുരം വിതരണം ചെയ്തും നവാഗതരെ വരവേറ്റു
    പാട്ടുപാടിയും നൃത്തം ചെയ്തും മധുരം വിതരണം ചെയ്തും നവാഗതരെ വരവേറ്റ് ജില്ലാതല പ്രവേശനോത്സവം അവീസ്മരണീയമാക്കി തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂള്‍. ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ നടത്തിയ ജില്ലാതല പ്രവേശനോത്സവത്തിന് തുടക്കമായത്് നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്ത വര്‍ണാഭമായ ഘോഷയാത്രയോടെയാണ്. തുടര്‍ന്നു പ്രവേശനോത്സവ ഗാനത്തിനൊപ്പം സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം നവാഗതരായ 120 കുരുന്നുകള്‍ക്കൊപ്പം മറ്റു വിദ്യാര്‍ഥികള്‍ക്കും മന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വേറിട്ട കാഴ്ചയായി. 
    നവാഗതരെ വരവേറ്റു ജില്ലയിലെ എല്ലാ സ്‌കൂളുകളിലും നടന്ന പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. പുതിയതായി സ്‌കൂളില്‍ എത്തിയ കുട്ടികള്‍ക്ക് മന്ത്രി മധുരം വിതരണം ചെയ്തു.  പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്‌കുളിലെ പുതിയ കെട്ടിടവും മന്ത്രി ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് പുതിയ കെട്ടിടം. 
    നൂറുവയസ്  തികയുന്ന സ്‌കൂള്‍ എന്ന നിലയിലും ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യു.പി സ്‌കൂള്‍ എന്ന നിലയിലും തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂളിന് വരും വര്‍ഷങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് ആവശ്യമായ സഹായങ്ങള്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളില്‍ നാലുവീതം ഡിവിഷനുകളുള്ള സ്‌കൂള്‍ എന്ന നിലയില്‍ ജില്ലയ്ക്കാകെ അഭിമാനകരമായ നേട്ടമാണ് ഈ സ്‌കൂള്‍ കാഴ്ചവച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
    കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഠനോപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ നിര്‍വഹിച്ചു. എല്‍എസ്എസ്്, യുഎസ്എസ് ജേതാക്കള്‍ക്ക് ഉപഹാര വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ നിര്‍വഹിച്ചു. ഭക്ഷണശാലയുടെ ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് കല്ലട്ര അബ്ദുള്‍ ഖാദര്‍ നിര്‍വഹിച്ചു. ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കര്‍, കാസര്‍കോട് ബ്ലോക്ക്് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ടി.ഡി കബീര്‍,  ചെമ്മനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷാസിയ ടീച്ചര്‍, അജന്ന പവിത്രന്‍, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ജയദേവന്‍, എസ്എസ്എ ഡിപിഒ പി.വേണുഗോപാല്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.നന്ദികേശന്‍ എന്നിവര്‍ സംസാരിച്ചു. ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഡോ.ഗിരീഷ് ചോലയില്‍ സ്വാഗതവും തെക്കില്‍പറമ്പ ഗവ.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ രാധാകൃഷ്ണന്‍ കാമലം നന്ദിയും പറഞ്ഞു. 
    ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി. ഉപ ജില്ലാടിസ്ഥാനത്തില്‍ നടത്തിയ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനങ്ങള്‍ ചാലിങ്കാല്‍ ജിഎല്‍പിഎസ്(ബേക്കല്‍ ഉപജില്ല), എ.എല്‍.പി.എസ് നാട്ടക്കയം(ചിറ്റാക്കരിക്കാല്‍ ഉപജില്ല), മാന്യ ജെ.എ.എസ്.ബി.എസ്(കുമ്പള  ഉപജില്ല), ജി.ബി.എല്‍.പി.എസ് മംഗല്‍പാടി(മഞ്ചേശ്വരം  ഉപജില്ല), ജി.യു.പി.എസ് ബേളൂര്‍( ഹോസ്ദുര്‍ഗ്  ഉപജില്ല), ജി.എല്‍.പി.എസ് കൂലേരി (ചെറുവത്തൂര്‍  ഉപജില്ല) എന്നിവടങ്ങളില്‍ നടന്നു. ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനങ്ങള്‍ നടത്തി. 

 

 

date