അക്ഷരമുറ്റത്തേക്ക് കുരുന്നുകള്‍ ചിരിച്ചെത്തി പ്ലാസ്റ്റിക്കിന് വിടചൊല്ലി വെണ്ണല സ്‌കൂള്‍
കൊച്ചി: ആടിയും പാടിയും നിറകണ്ണുകളോടെയും വിദ്യാലയത്തില്‍ എത്തിയ കുഞ്ഞുങ്ങളെ പുഞ്ചിരിയോടെ വരവേറ്റു വെണ്ണല ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍. വര്‍ണാഭമായി സ്‌കൂള്‍ അന്തരീക്ഷം കുരുന്നു മനസ്സുകളെ വരവേറ്റത്. പ്ലാസ്റ്റിക് വസ്തുക്കള്‍ മാറ്റിവച്ച് ഹരിതാഭ ശോഭയിലാണ് പ്രവേശനോത്സവം വെണ്ണലയില്‍ സംഘടിപ്പിച്ചത്. എല്ലാ തിരക്കുകളും മാറ്റിവെച്ച് കുട്ടികളെ വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ വിദ്യാലയ അങ്കണത്തില്‍ എത്തി. വിദ്യാര്‍ത്ഥികളെ ആനയിപ്പിക്കാന്‍ വിപുലമായ ചടങ്ങുകളാണ് വിദ്യാലയത്തില്‍ ഒരുക്കിയിരുന്നത്. വര്‍ണ്ണാഭമായ പേപ്പര്‍ തൊപ്പികള്‍ ധരിച്ചാണ് വിദ്യാര്‍ത്ഥികളെ ക്ലാസ് റൂമുകളിലേക്ക് കയറ്റിയത്. ക്ലാസ് റൂമുകളും വര്‍ണാഭമായിരുന്നു. കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട കാര്‍ട്ടൂണുകള്‍, മലയാളം അക്ഷരമാലകള്‍ കോര്‍ത്തിണക്കിയ ചാര്‍ട്ടുകള്‍, ഗണിത അക്ഷരങ്ങള്‍ എന്നിവയെല്ലാം നാലു ചുവരുകളിലും നിറഞ്ഞുനിന്നു.
പ്രൈമറി മുതല്‍ നാലുവരെയുള്ള ക്ലാസ്സുകളിലായി 105 കുട്ടികള്‍ ഈ വര്‍ഷം പുതിയതായി എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 59 വിദ്യാര്‍ഥികള്‍ മാത്രം പ്രവേശനം നേടിയെടുത്തു നിന്നാണ് ഇക്കൊല്ലം ഇത്തരമൊരു നേട്ടം വിദ്യാലയം കൈവരിച്ചത്. ഇംഗ്ലീഷ് മലയാളം മീഡിയത്തില്‍ ആയി നാലാംക്ലാസ് വരെ പത്ത് ഡിവിഷനുകളാണ് വിദ്യാലയത്തില്‍ നിലവിലുള്ളത്. കൂടാതെ 20 അന്യസംസ്ഥാന വിദ്യാര്‍ഥികളും ഈ വര്‍ഷം വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകള്‍ സംസാരിക്കുന്ന വിദ്യാര്‍ഥികളാണ് അവരില്‍ ഭൂരിഭാഗവും. പഠനവൈകല്യമുള്ള പത്തോളം വിദ്യാര്‍ത്ഥികളും വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്. മറ്റു കുട്ടികളോടൊപ്പം തന്നെ പഠനത്തില്‍ മുന്നേറാനുള്ള പരിശീലനമാണ് ഇവര്‍ക്ക് അധ്യാപകര്‍ നല്‍കുന്നത്.
അധ്യയന നിലവാരത്തിലെ മികച്ച പ്രകടനമാണ് വെണ്ണല സ്‌കൂളിനെ ശ്രദ്ധേയമാക്കുന്നത്. പാഠ്യ, പാഠ്യേതര രംഗങ്ങളില്‍ കുട്ടികളെയും മുന്‍നിരയില്‍ എത്തിക്കാന്‍ സദാ സന്നദ്ധരായ അധ്യാപകരാണ് ഇവിടുള്ളത്. ഒരു സ്‌കൂള്‍ബസ്സ് ആണ് വിദ്യാലയത്തിന് അനുവദിച്ചിട്ടുള്ളത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവര്‍ത്തനമാണ് വിദ്യാലയത്തില്‍ ഉള്ളത്. എല്ലാമാസവും പിടിഎ യോഗം ചേര്‍ന്നു വിലയിരുത്തുന്നതിനാല്‍ അതതു സമയങ്ങളില്‍ പോരായ്മകള്‍ പ്രത്യേകം പരിഹരിക്കാന്‍ കഴിയുന്നു. പിടിഎയുടെ മികച്ച പ്രവര്‍ത്തനമാണ് വിദ്യാലയത്തിന് താങ്ങായി നില്‍ക്കുന്നതെന്ന് പ്രധാന അധ്യാപികയായ വി.കെ. യശോദ പറഞ്ഞു.
മികച്ച കായിക പരിശീലനവും, മ്യൂസിക് ക്ലാസ്സുകളും, വര്‍ക്ക് എക്‌സ്പീരിയന്‍സ് ക്ലാസ്സുകളും വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്നുണ്ട്. ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് കമ്പ്യൂട്ടര്‍ ലാബ് സൗകര്യവുമുണ്ട്. എല്‍കെജി, യുകെജി വിദ്യാര്‍ഥികള്‍ക്ക് പഠന സംബന്ധമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയ കാര്‍ട്ടൂണ്‍ ചിത്രങ്ങളും പ്രൊജക്ടറിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട് ക്ലാസ് റൂമുകളും വിദ്യാലയത്തിലുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ ലൈബ്രറികള്‍ക്ക് പുറമേ ക്ലാസ് ലൈബ്രറികളും, മലയാളം കൂടുതല്‍ ആകര്‍ഷകമാക്കാന്‍ മലയാളത്തിളക്കം പരിപാടിയും, കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇംഗ്ലീഷ് അനായാസമാക്കാന്‍ ഹലോ ഇംഗ്ലീഷ് പരിപാടിയും, ഗണിതം രസകരമാക്കാന്‍ ഗണിത ലാബും വിദ്യാലയത്തില്‍ നടത്തപ്പെടുന്നുണ്ട്. ഉച്ചഭക്ഷണം പദ്ധതിയും വിദ്യാലയത്തില്‍ നടപ്പാക്കുന്നുണ്ട്. രണ്ടു ദിവസം പാല്‍ ഒരു ദിവസം മുട്ട തുടങ്ങി പോഷകസമൃദ്ധമായ ഭക്ഷണമാണ് വിതരണം ചെയ്യുന്നത്.
പി.ടി. തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം ബി മുരളീധരന്‍ നവാഗതര്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വത്സലകുമാരി യൂണിഫോം വിതരണവും കൗണ്‍സിലര്‍ സിമി ടീച്ചര്‍ പാഠപുസ്തക വിതരണവും നടത്തി. കൊച്ചി കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ പ്രധാനാധ്യാപിക വി. കെ. യശോദ, എസ് എസ് എഫ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ജോസ്‌പെറ്റ് തെരേസ ജേക്കബ്, വാര്‍ഡ് കൗണ്‍സിലര്‍ പി.എം. നസീമ, ഉപേന്ദ്രന്‍ ആശാരി, രാജന്‍ വലിയവീട്ടില്‍, പി.എന്‍. സജീവന്‍, ദിലീപ് കുമാര്‍ കെ.കെ, അജയ്കുമാര്‍ ഘോഷ്, ശ്രീദേവി, എസ്. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments