കളിചിരികളുമായി മുവാറ്റുപുഴ ഉപജില്ലാ സ്‌കൂള്‍ പ്രവേശനോത്സവം
കൊച്ചി: കുരുത്തോല തോരണങ്ങളും കടലാസു പൂക്കളുമൊക്കെ അലങ്കരിച്ച സ്‌കൂള്‍ മുറ്റത്തേക്ക് കടന്ന് വന്നപ്പോള്‍ ഒരു കുഞ്ഞിന്റെ മുഖത്ത് പോലും സങ്കടക്കടലില്ല... തെല്ലൊരു അമ്പരപ്പ് മാത്രം.... ചേട്ടന്‍മാരും ചേച്ചിമാരും ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് കുഞ്ഞനുജന്‍മാരേയും അനിയത്തിമാരേയും വരവേറ്റ് ഒന്നാം ക്ലാസിന്റെ പടിവാതില്‍ക്കല്‍ എത്തിച്ചത്. കൂട്ടിനു വന്ന അമ്മമാരെ വിട്ട് കളിചിരിയോടെ ക്ലാസ് മുറികളിലേക്ക്. കടാതി ഗവ. എല്‍.പി സ്‌കൂളിലെ പ്രവേശനോത്സവ കാഴ്ചകളാണിവ.
മൂവാറ്റുപുഴ ഉപജില്ലാ തല സ്‌കൂള്‍ പ്രവേശനോത്സവം കടാതി ഗവ: എല്‍.പി സ്‌കൂളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവാഗതരെ പേപ്പര്‍ കിരീടമണിയിച്ചാണ് എം.എല്‍.എ വരവേറ്റത്. കളി ചിരികള്‍ നിറഞ്ഞ സന്തോഷകരമായ അന്തരീക്ഷമാണ് പ്രവേശനോത്സവങ്ങള്‍ കുഞ്ഞുമനസ്സുകള്‍ക്ക് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും ഹരിത മാര്‍ഗരേഖ പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയത്. അലങ്കാരങ്ങള്‍ക്കെല്ലാം പ്രകൃതിദത്തമായ വസ്തുക്കളാണുപയോഗിച്ചത്. കുട്ടികള്‍ക്ക് ആഹാരം നല്‍കിയതും സ്റ്റീല്‍ പാത്രങ്ങളിലായിരുന്നു. 11 കുട്ടികളാണ് ഒന്നാം ക്ലാസില്‍ പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേരാനെത്തിയതായി പ്രധാന അധ്യാപിക ലത എബ്രഹാം പറഞ്ഞു. മറ്റ് ക്ലാസുകളിലേക്കു കൂടി ചേര്‍ത്ത് ആകെ 29 പുതിയ കുട്ടികളാണെത്തിയത്.
വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ സന്ദേശവും 2018-19 വര്‍ഷത്തേക്കുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാനും പ്രധാനാധ്യാപിക അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു ഐസക്, പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത സതീശന്‍, പി.ടി.എ പ്രസിഡന്റ് പി.വി. മനോജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ക്യാപ്ഷന്‍: എല്‍ദോ എബ്രഹാം എം.എല്‍.എ. കടാതി ഗവ: എല്‍.പി
സ്‌കൂളില്‍ പുതുതായി എത്തിയ കുട്ടികള്‍ക്കൊപ്പം.
- Log in to post comments