കുട്ടികളെ പങ്കെടുപ്പിക്കുന്ന ഘോഷയാത്രകൾ ബാലാവകാശം നിഷേധിക്കുന്നതാകരുത്
ആലപ്പുഴ: കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ അവരുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ബാലാവകാശങ്ങളെ ലംഘിച്ചു കൊണ്ടാവരുതെന്ന് ജില്ല ഭരണകൂടത്തിന്റെ നിർദേശം. ഇത്തരം ഘോഷയാത്രകളിൽ കുട്ടികളെ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കുകയോ ഘോഷയാത്ര ഒരു കാരണവശാലും മൂന്നു മണിക്കൂറിൽ കൂടുവാനോ പാടില്ല. സ്‌കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30നും വൈകീട്ട് 4.30നും ഇടയിലുള്ള സമയം കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾ ഒഴിവാക്കണം.
അവധി ദിവസങ്ങളിൽ രാവിലെ 10നും വൈകീട്ട് മൂന്നിനും ഇടയിലുള്ള സമയത്ത് കുട്ടികളെ ഘോഷയാത്രയിൽ നിർബന്ധപൂർവ്വം പങ്കെടുപ്പിക്കരുത്. ഘോഷയാത്രകളിൽ കുട്ടികൾക്ക് നൽകുന്ന പാനീയങ്ങളും മറ്റ് ഭക്ഷണ പദാർഥങ്ങളും ഗുണമേന്മയുള്ളതായിരിക്കണം. ഘോഷയാത്രവേളയിൽ കുട്ടികളുടെ സുരക്ഷ സംഘാടകർ ഉറപ്പ് വരുത്തണം.
അടിയന്തര സാഹചര്യമുണ്ടായാൽ വൈദ്യ സഹായം നൽകുന്നതിന് ആംബുലൻസ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ സജ്ജമായിരിക്കണം. ഘോഷയാത്രകൾക്ക് ജില്ല കളക്ടുറടേയോ കളക്ടർ നിയോഗിക്കുന്ന ഓഫീസറുടെയോ മുൻകൂർ അനുമതിയോടൊപ്പം ജില്ല പൊലീസ് മേധാവിയുടെയും മുൻകൂർ അനുമതി വാങ്ങണം. പൊതുനിരത്തിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രകൾ സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്യം ഹനിക്കുന്നതാകരുതെന്നും ഹൈക്കോടതി നിർദ്ദേശം സംഘാടകർ പാലിക്കണമെന്നും നിർദേശമുണ്ട്.
(പി.എൻ.എ 1164/ 2018)
- Log in to post comments