ഉദ്യാന വിദ്യാലയം തുറന്നേ.... പൊതു വിദ്യാലയം തുറന്നേ..... ഇക്കൂറി ഒന്നാം ക്ലാസിലെത്തിയത് 10752 കുട്ടികൾ കൂടുതൽ ചേർത്തലയിൽ കുറവ് തലവടിയിൽ
ആലപ്പുഴ: പാട്ടും കളിയും കരച്ചിലുമൊക്കെയായി പുതിയ അധ്യയന വർഷത്തിന് തുടക്കമായി. പ്രവേശനോത്സവ ഗാനത്തിലേത് പോലെ ഉദ്യാന വിദ്യാലയത്തിലേക്കുള്ള കുത്തൊഴുക്കായിരുന്നു വെള്ളിയാഴ്ച ജില്ലയിലെ വിവിധ സ്‌കൂളുകളിൽ കണ്ടത്. ഒരിടത്ത് സ്‌കൂളിൽ ചേർക്കാൻ രക്ഷിതാക്കളുടെ ഉന്തും തള്ളും. മറ്റൊരിടത്ത് കുട്ടികൾ കൂടിപ്പോയതിനാൽ സ്ഥലപരിമതിയിൽ നട്ടം തിരിയുന്ന സ്‌കൂൾ അധികൃതർ. ആലപ്പുഴയിലെ പൊതു വിദ്യാലയങ്ങളിൽ നിന്നുള്ള സന്തോഷം തരുന്ന കാഴ്ചകളാണിവ. സർക്കാർ സ്‌കൂളിലേക്ക് മാത്രം ഒന്നാം ക്ലാസുകാരായി എത്തിയത് 10752 കുരുന്നുകൾ.
ജില്ലാതല പ്രവേശനോത്സവം നടന്ന തീരദേശത്തെ പൊളേളത്തൈ ഗവ. ഹൈസ്‌കൂളിൽ കുട്ടികളെ വരവേറ്റത് ഹരിതാഭമായി നിലയിൽ തീർത്ത അലങ്കാരങ്ങളും പായസവുമൊക്കെയായിരുന്നു. ഒന്നാം ക്ലാസു മുതൽ സ്മാർട്ട് ക്ലാസ് മുറികളും വിദ്യാർഥികൾക്ക് ഒരുക്കിയിരുന്നു. അമ്മമാരൊരുക്കിയ പഞ്ചവാദ്യത്തിന്റെ അകമ്പടി ചടങ്ങിന് ഉത്സാവന്തരീക്ഷം ഒരുക്കി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സമതി അധ്യക്ഷൻ കെ.ടി. മാത്യവുന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗായികയും ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷയുമായ ദലിമ ജോജോ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എന്തു പറഞ്ഞാലും നി എന്റേതല്ലേ വാവേ എന്ന പിന്നണി ഗാനം ആലപിച്ചായിരുന്നു ഉദ്ഘാടനം. തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം വിദ്യാർഥി ആർജ അവതരിപ്പിച്ചു. ക്ലാസ് റൂം ലൈബ്രറിക്കുള്ള പുസ്തകങ്ങൾ മുൻ എം.പി. ടി.ജെ.ആഞ്ചലോസ് വിതരണം ചെയ്തു. മികച്ച വിദ്യാർഥികൾക്കുള്ള അവാർഡുകൾ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനൽകുമാർ സമ്മാനിച്ചു.ഗണിത ലാബിനുള്ള ഉപകരണങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക കൈമാറി.
ഈ വർഷം ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പൊതു വിദ്യാലയത്തിൽ ചേർന്നത് ചേർത്തലയിലാണ്.2399 കുട്ടികളാണ് ഇവിടെ സ്‌കൂളിലെത്തിയത്. തലവടി ഉപജില്ലയിലാണ് ഈ കാര്യത്തിൽ കുറവ്. 250 കുട്ടികളാണ് ഇവിടെ ചേർന്നത്. അമ്പലപ്പുഴയിൽ 1072ഉം ആലപ്പുഴയിൽ 1510 ചെങ്ങന്നൂരിൽ 568ഉം മങ്കൊമ്പിൽ 404ഉം പൊതു വിദ്യാഭ്യാസ മേഖലയിൽ ഒന്നാം ക്ലാസിലെത്തി. മാവേലിക്കരയിൽ 835, വെളിയനാട് 228, ഹരിപ്പാട് 697, തുറവൂർ 1564, കായംകുളം 1225 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളിലെ പ്രവേശനം. കഴിഞ്ഞ 29ലെ കണക്കു പ്രകാരമാണിത്. ഇതിൽ മാറ്റം വരാം.
(പി.എൻ.എ 1166/ 2018)
കുട്ടനാട് താലൂക്ക് വികസന സമതി യോഗം മാറ്റി
ആലപ്പുഴ: കുട്ടനാട് താലൂക്കിന്റെ ഇന്ന് (ജൂൺ 2) നടത്താനിരുന്ന താലൂക്ക് വികസന സമിതി എട്ടാം തീയതിയിലേക്ക് മാറ്റി
(പി.എൻ.എ 1167/ 2018)
- Log in to post comments