Skip to main content

ജില്ലാ ആശുപത്രിക്ക് പുതിയ മുഖം; സ്ത്രീകളുടെയും  കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നാളെ      

ജില്ലാ ആശുപത്രിക്ക് പുതുമോടിയേകി അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിന്റെ പുതിയ കെട്ടിടം നാളെ (ജൂണ്‍ മൂന്ന്) ഉച്ച 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപേയാഗിച്ചാണ് കെട്ടിടം പുതുക്കിപ്പണിതത്. 76 കോടി രൂപ ചെലവഴിച്ച് ജില്ലാ ആശുപത്രിയില്‍ നടപ്പിലാക്കുന്ന മാസ്റ്റര്‍ പ്ലാനിന്റെ അനുബന്ധമായാണ് ഈ പ്രവൃത്തിയും നടപ്പിലാക്കിയത്. 
    പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ഗൈനക്കോളജിയുടെും ശിശുരോഗ വിഭാഗത്തിന്റെയും ഒ.പി പ്രവര്‍ത്തിക്കും. കാത്തിരിപ്പ് കേന്ദ്രത്തില്‍ ഗര്‍ഭിണികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത കട്ടില്‍, വിശ്രമിക്കാനും വിനോദത്തിനുമായി ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ എന്നിവയുണ്ടാവും. മികച്ച രീതിയിലാണ് കെട്ടിടത്തിന്റെ രൂപകല്‍പനയും ഫര്‍ണിച്ചറുകളും ഒരുക്കിയിരിക്കുന്നത്. ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്ത് രണ്ടര കോടി രൂപ ചെലവഴിച്ചതായി ആശുപത്രിയില്‍ അവസാന വട്ട മിനുക്കുപണികള്‍ വിലയിരുത്താനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അറിയിച്ചു. ഒ.പിയുടെ ഭാഗമായി അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പിനും കുടുംബാസൂത്രണത്തിനുമുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ഒന്നാം നിലയില്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്കായി 50 കിടക്കകള്‍ ഉണ്ടാവും. രണ്ടാം നില കുട്ടികളുടെ വാര്‍ഡായി താല്‍ക്കാലികമായി പ്രവര്‍ത്തിക്കും. ആശുപത്രിയില്‍ നിലവിലുള്ള കുട്ടികളുടെ വാര്‍ഡ് മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നവീകരിക്കുന്നതോടെ ഈ വാര്‍ഡ് അങ്ങോട്ടേക്ക് മാറ്റും.
    സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തില്‍ അഞ്ച് ഗൈനക്കോളജിസ്റ്റുകളും രണ്ട് ശിശുരോഗ വിദഗ്ധന്‍മാരുമാണ് നിലവിലുള്ളത്. പുതിയ കെട്ടിടത്തില്‍ മുലയൂട്ടല്‍ മുറി, നവജാത ശിശുക്കളുടെ കേള്‍വി പരിശോധന, തൈറോയ്ഡ് ഗ്രന്ഥിയുടെ പരിശോധന എന്നിവയ്ക്ക് സൗകര്യമുണ്ടാവും. സ്ത്രീകളുടെ ഗര്‍ഭാശയമുഖ കാന്‍സര്‍ പരിശോധിക്കാനുള്ള സംവിധാനം, സ്തനാര്‍ബുദ പരിശോധനയ്ക്കുള്ള മാമോഗ്രാം എന്നീ സൗകര്യങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തിയതായി ജില്ലാശുപത്രി സൂപ്രണ്ടായി ചുമതലയേറ്റ ഡോ. വി.കെ. രാജീവന്‍ അറിയിച്ചു.
    ജില്ലാശുപത്രിയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിന്റെ പ്രവൃത്തിയും നിലവിലെ കെട്ടിടങ്ങളുടെ നവീകരണ, വിപുലീകരണ പ്രവൃത്തികളും അടുത്തതായി തുടങ്ങും. കൂടാതെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, ഹൈടെന്‍ഷന്‍ ലൈന്‍ എന്നിവയുടെ നിര്‍മ്മാണവും നടക്കും.
ഉദ്ഘാടന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമച്രന്ദന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. 

date