Skip to main content

കണ്ണൂര്‍ മണ്ഡല വികസനം രണ്ടാം ഘട്ടം:  പ്രത്യേക യോഗം ചേര്‍ന്നു

കണ്ണൂര്‍ നിയോജകമണ്ഡലം സമഗ്രവികസനത്തിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കണ്ണൂര്‍ കാലത്തിനൊപ്പം മണ്ഡല വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം വികസന സെമിനാറിലൂടെ തയ്യാറാക്കിയ വികസനരേഖ എല്ലാവരുടേയും പ്രശംസ പിടിച്ചുപറ്റിയതാണ്. കണ്ണൂര്‍ വിമാനത്താവളവും അഴീക്കല്‍ തുറമുഖവും യാഥാര്‍ഥ്യമാവുന്നതോടെ കണ്ണൂര്‍ നിയോജക മണ്ഡലത്തിനുണ്ടാവുന്ന വികസന സാധ്യതകള്‍ പരിശോധിച്ച് അതിനനുസരിച്ചുള്ള പദ്ധതികള്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നിയോജകമണ്ഡലത്തില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍, ഇനി നടപ്പിലാക്കാനുള്ള പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് ജൂണ്‍  10 നകം സമര്‍പ്പിക്കാന്‍ വകുപ്പുദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടുകളുടെ അന്തിമരൂപം തയ്യാറാക്കിയ ശേഷം 30ന് വികസന സെമിനാര്‍ നടത്താനും യോഗം തീരുമാനിച്ചു.    
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ.വി ഗോവിന്ദന്‍, മന്ത്രിയുടെ മണ്ഡലം പ്രതിനിധി യു ബാബു ഗോപിനാഥ്, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date