മണ്‍സൂണ്‍: വൈദ്യുതി മുന്നൊരുക്കങ്ങള്‍ പാലിക്കണം-ജില്ലാ ദുരന്ത നിവാരണ സമിതി
മണ്‍സൂണില്‍ വൈദ്യുതി ഉപകരണങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ മുന്നൊരുക്കങ്ങള്‍ പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ സമിതി അറിയിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട്, സെല്ലാര്‍ നിലകളില്‍ ട്രാന്‍സ്ഫോര്‍മര്‍, ജനറേറ്റര്‍ എന്നിവ സ്ഥാപിച്ച സ്ഥാപനങ്ങള്‍ പ്രസ്തുത സ്ഥലത്ത് മഴവെള്ളം ഒഴുകിയെത്തുകയോ കെട്ടിക്കിടക്കുകയോ ചെയ്യാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. സ്ഥാപനത്തിലെ പ്രധാന ബ്രേക്കര്‍, റിലേ എന്നിവ പരിശോധിച്ച് പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളിലെ ഇടനാഴി, സ്റ്റെയര്‍കേസ്, പൊതു ഇടങ്ങള്‍, എന്നിവിടങ്ങളിലെ ബള്‍ബുകള്‍ പ്രവര്‍ത്തന ക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അധിക ഡീസല്‍ കരുതി വെക്കണം.
വൈദ്യുതി ലൈനുകള്‍ പൊട്ടി വീണതായോ മരങ്ങളോ മരക്കൊമ്പുകളോ വൈദ്യുതി ലൈനില്‍ മുട്ടുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കേണ്ടതാണ്.
ലിഫ്റ്റിന്റെ എ.ആര്.ഡി സംവിധാനത്തിന്റെയും ലിഫ്റ്റിലെ എമര്‍ജന്‍സി ലൈറ്റ്, ഫാന്‍ എന്നിവയുടെയും പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തേണ്ടതാണ്. ലിഫ്റ്റിന്റെ എമര്‍ജന്‍സി റസ്ക്യു ഓപ്പറേഷന് അറിയാവുന്നവരുടെ സാന്നിധ്യം ഉറപ്പുവരുത്തണം. സ്ഥാപനത്തില്‍ റഗുലേഷന്-3 പ്രകാരം ചുമതലപ്പെട്ട ടെക്നീഷ്യന്റെ സാന്നിധ്യം ഉറപ്പുവരുത്തണം.
സ്ഥാപനത്തിലെ മിന്നല്‍ രക്ഷാചാലകവുമായി ബന്ധപ്പെട്ട എര്‍ത്ത് സംവിധാനത്തില്‍ പൊട്ടലുകളില്ല എന്നും നട്ട്, ബോള്‍ട്ട് എന്നിവ ഇളകിപ്പോയിട്ടില്ലെന്നും എര്‍ത്ത് ഇലക്ട്രോഡുമായുള്ള ഭൂബന്ധം ദൃഡമാണെന്നും ഉറപ്പാക്കണം. ഇടിമിന്നലുളളപ്പോള്‍ കേബിള്‍ ടി.വിയുടെ പിന്നുമായി ബന്ധപ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കണ്ണൂര്‍ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ നിര്‍ദേശങ്ങള്‍ മുന്‍നിര്‍ത്തി ദുരന്ത നിവാരണ സമിതി അറിയിച്ചു.
- Log in to post comments