Skip to main content

വയറിളക്കരോഗങ്ങള്‍ക്കെതിരെ  ജാഗ്രത പുലര്‍ത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

അഞ്ച് വയസിന് താഴെ കുട്ടികളുള്ള എല്ലാ വീടുകളിലും  ഒ.ആര്‍.എസ് വിതരണം ചെയ്യുമെന്നും പാനീയ ചികിത്സ സംബന്ധിച്ച് ബോധവത്ക്കരണം നല്‍കുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി പറഞ്ഞു. ഊര്‍ജ്ജിത വയറിളക്കരോഗ നിയന്ത്രണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ശാസ്ത്രീയമായി കൈകഴുകുന്ന രീതി, കിണറുകള്‍ അണു വിമുക്തമാക്കല്‍ എന്നിവ സംബന്ധിച്ചും വ്യാപക ബോധവത്കരണം നടത്തും. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ബോധവത്കരണ സെമിനാര്‍ ആശാ പ്രവര്‍ത്തകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം എന്നിവ നടത്തും. ജൂണ്‍ ഒന്‍പത് വരെയാണ് പക്ഷാചരണം.

വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ്ബ് വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാര്‍ വിഷയാവതരണം നടത്തി. വെച്ചൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള പക്ഷാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി ജയന്‍, ഷിബു കെ. എസ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്വതി, സതി മംഗളാനന്ദന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ആര്‍. അനില്‍ കുമാര്‍, ഇടയാഴം മെഡിക്കല്‍ ഓഫീസര്‍ ജി.ഐ. സപ്ന എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. എന്‍. വിദ്യാധരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ. ടെക്‌നിക്കല്‍ അസിസ്റ്റന്റ് ശശികുമാര്‍ കെ.എം എന്നിവര്‍             ക്ലാസ്സെടുത്തു. 

                                                 (കെ.ഐ.ഒ.പി.ആര്‍-1140/18)

date