ഡെങ്കിപനി വ്യാപനം: ജില്ലയില്‍ ജാഗ്രതാ യോഗം ചേരുന്നു
ജില്ലയില്‍ ഡെങ്കിപനി വ്യാപകമാകുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തില്‍ അടിയന്തര ജാഗ്രതായോഗങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ബളാല്‍, കോടോം-ബേളൂര്‍, ചെങ്കള, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി, മടിക്കൈ, ദേലംപാടി, കളളാര്‍, കാറഡുക്ക, കുമ്പഡാജെ, ചെമ്മനാട്, ബദിയഡുക്ക പഞ്ചായത്തുകളിലാണ് കൂടുതല്‍ ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് കളക്ടര്‍ വിളിച്ചുചേര്‍ത്ത അടിയന്തര യോഗം വിലയിരുത്തി.
ഇന്നു (6) മുതല്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ട പഞ്ചായത്തുകളില്‍ വാര്‍ഡുമെമ്പര്‍മാരെയും ക്ലബ്ബ് പ്രതിനിധികള്‍, എസ് സി -എസ് ടി പ്രൊമോട്ടര്‍മാര്‍, യുവജന സംഘടനകള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, ലോക്കല്‍ ചാനലുകള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം ചേരും. ചെങ്കള, ചെമ്മനാട്, ദേലംപാടി, ബളാല്‍, കോടോം-ബേളൂര്‍, വെസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ, കരിന്തളം, അജാനൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് (6) അടിയന്തര യോഗം ചേരുന്നതാണ്. ചെങ്കള പഞ്ചായത്തില്‍ രാവിലെ 10 മണിക്കും ചെമ്മനാട് ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കുന്ന യോഗത്തില്‍ ജില്ലാകളക്ടര്‍ പങ്കെടുക്കും. 10.30 ന് കിനാനൂര്‍-കരിന്തളം പഞ്ചായത്തിലും രണ്ട് മണിക്ക് വെസ്റ്റ് എളേരിയിലും നടക്കുന്ന യോഗത്തില്‍ എഡിഎം:എന്‍.ദേവിദാസ് പങ്കെടുക്കും. ബളാല്‍, കോടോം-ബേളൂര്‍ പഞ്ചായത്തുകളില്‍ നടക്കുന്ന യോഗത്തില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ:സി.ബിജുവും ദേലംപാടിയില്‍ കാസര്‍കോട് ആര്‍ഡിഒ:പി.അബ്ദുസമദും പുല്ലൂര്‍-പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടകളക്ടര്‍ കെ.ജയലക്ഷ്മിയും പങ്കെടുക്കും.
ജില്ലാകളക്ടര്‍ ജീവന്‍ബാബു കെയുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, എഡിഎം:എന്‍.ദേവിദാസ്, ആര്‍ഡിഒ മാരായ പി. അബ്ദുസമദ്, സി.ബിജു, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേഷ്‌കുമാര്‍, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. കെ മോഹനന്‍, ഡോ. ഷാന്റി, എന്‍എച്ച്എം ജില്ലാ കോര്‍ഡിനേറ്റര്‍ രാമന്‍ സ്വാതിവാമന്‍, ജില്ലാ മലേറിയ ഓഫീസര്‍ സുരേശന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments