പൊതുസ്ഥലങ്ങള്‍ വൃത്തിയായി സംരക്ഷിക്കണം: കളക്ടര്‍
ജില്ലയിലെ വിവിധ മേഖലകളില്‍ ഡെങ്കിപനി ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊതുകേന്ദ്രങ്ങള്‍ ശുചിയായി നിലനിര്‍ത്താന്‍ എല്ലാവരും ജാഗ്രത കാണിക്കണമെന്ന് ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ നിര്‍ദ്ദേശിച്ചു. ഇക്കാര്യത്തില്‍ കൂട്ടായ പരിശ്രമം വേണം. രാഷ്ട്രീയപ്രസ്ഥാനങ്ങള്‍, യുവജന സംഘങ്ങള്‍, എന്‍ജിഒ കൂട്ടായ്മകള്‍, പ്രാദേശിക സംഘടനകള്‍ എന്നിവയെല്ലാം ഗ്രാമങ്ങള്‍ തോറും രംഗത്തിറങ്ങിയാല്‍ മാത്രമെ ഡെങ്കിപനി ഭീഷണിയെ ചെറുക്കാനാവൂ. തോട്ടം തൊഴിലാളികള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. മത്സ്യവില്‍പ്പന പൊതുസ്ഥലങ്ങള്‍ ഉള്‍പ്പെടെ അഴുക്കുചാലാക്കി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. ഓടകളും മീന്‍മാര്‍ക്കറ്റുകളും കൊതുക് കേന്ദ്രങ്ങളാകാന്‍ അനുവദിക്കരുത്.
ബോട്ടുകളും യാനങ്ങളും കൊതുക് കേന്ദ്രങ്ങളായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും തീരദേശ പോലീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ പരിശോധന നടത്തണമെന്നും തീരദേശ മേഖലകളില്‍ അടിയന്തര യോഗം ചേരാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
- Log in to post comments