സമരം ഉപേക്ഷിച്ചു; സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ജൂണ്‍ മുതല്‍
കണ്ണൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 2018 ഏപ്രില്‍ 23ലെ സര്‍ക്കാര്‍ വിജ്ഞാപന പ്രകാരമുള്ള പുതുക്കിയ മിനിമം വേതനം അനുവദിക്കുന്നത് സംബന്ധിച്ച് ജീവനക്കാര്‍ ജൂണ്‍ മാസം മുതല്‍ നടത്താനിരുന്ന സമരം ഒഴിവാക്കാന്‍ ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചയില്‍ ധാരണയായി. ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം ജൂണ്‍ മാസം മുതല്‍ നല്കാന് ചര്‍ച്ചയില്‍ തീരുമാനമായി. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള കുടിശ്ശിക സംബന്ധിച്ച് ജൂലൈ മാസം ആദ്യവാരം ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ വീണ്ടും ചര്‍ച്ച നടത്തി തീരുമാനമെടുക്കും.
ജില്ലാ ലേബര്‍ ഓഫീസര്‍ ടി.വി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ മാനേജ്മെന്റുകളെ പ്രതിനിധീകരിച്ച് ടി.കെ. പുരുഷോത്തമന്, ഡോ. ബനവന് ജോസഫ്, ടി.ഒ.വി. ശങ്കരന് നമ്പ്യാര്‍ എന്നിവരും യൂനിയനുകളെ പ്രതിനിധീകരിച്ച് വി.വി. ബാലകൃഷ്ണന്, എന്‍.എം. പുരുഷോത്തമന്, മുഹമ്മദ് ഷിഹാബ്, ലിബിന് തോമസ് എന്നിവരും പങ്കെടുത്തു.
- Log in to post comments