Skip to main content

കയറുല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വില്‍പ്പനശാല മന്ത്രി തോമസ് ഐസക് ഫ്‌ളാഗ് ഓഫ് ചെയ്തു * ഓരോ വീട്ടിലും ഒരു കയര്‍ ഉല്‍പന്നം ലക്ഷ്യം

കയര്‍ കോര്‍പ്പറേഷന്റെ കയറുല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വില്‍പ്പന ശാലയുടെ ആദ്യ വില്‍പ്പന ധനകാര്യ കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഫ്‌ളാഗ് ഓഫ് ചെയ്തു.  ചെറുകിട ഉല്‍പാദകരുടെയും സഹകരണ സംഘങ്ങളുടെയും കൈയില്‍ നിന്ന് സര്‍ക്കാര്‍, കയര്‍ കോര്‍പ്പറേഷന്‍ മുഖേന സംഭരിക്കുന്ന വൈവിധ്യമാര്‍ന്ന കയറുല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും, വര്‍ദ്ധിച്ച തൊഴില്‍ ദിനങ്ങളും വരുമാനവും കയര്‍ തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
    വിദേശ വിപണിയുടെ അപര്യാപ്തത മൂലം കേരളത്തിലെ കയര്‍ വ്യവസായം പ്രതിസന്ധിയെ നേരിടുന്നതിനാല്‍, കയര്‍ ഉല്‍പ്പനങ്ങളുടെ ആഭ്യന്തര വിപണി വികസനം ലക്ഷ്യമിട്ടാണ് കയര്‍ കോര്‍പ്പറേഷന്‍, സഞ്ചരിക്കുന്ന വില്‍പനശാലകള്‍ ആരംഭിക്കുന്നത്.  വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന ഗുണമേന്മയും വര്‍ണവൈവിധ്യവുമുളള കയര്‍ തടുക്കുകളും പരവതാനികളുമാണ് സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ വഴി കയര്‍ കോര്‍പ്പറേഷന്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കുന്നത്.
    സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ആരംഭിക്കുവാനാണ് കോര്‍പ്പറേഷന്‍ ആദ്യഘട്ടത്തില്‍ ലക്ഷ്യമിടുന്നതെന്നും ഘട്ടംഘട്ടമായി രാജ്യം മുഴുവന്‍ ഇത്തരത്തിലുളള വില്‍പനശാലകള്‍ ആരംഭിക്കുമെന്നും ചെയര്‍മാന്‍ ആര്‍.നാസര്‍ അറിയിച്ചു.  ഫുഡ് ആന്റ് സിവില്‍ സപ്ലൈസ് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്ററണി, കയര്‍ വികസനവകുപ്പ് ഡയറക്ടര്‍ എന്‍.പദ്മകുമാര്‍, കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി. ശ്രീ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
പി.എന്‍.എക്‌സ്.2222/18

date