Skip to main content

ചിത്രതണലായി കുടകള്‍; മതിമറന്ന് ആഘോഷിച്ച് കുട്ടികള്‍

ഈ വര്‍ഷത്തെ പ്രവേശനോത്സവം 'ചിത്രക്കുട തണല്‍' പദ്ധതിയിലൂടെ വര്‍ണമയമാക്കി അയ്യന്തോള്‍ ഗവ. ഹൈസ്‌ക്കൂളിലെ കുട്ടികള്‍. കേരള ലളിതകലാ അക്കാദമി ചിത്രങ്ങള്‍ വരച്ച വര്‍ണ്ണക്കുടകള്‍ സ്‌കൂളിലെ കൊച്ചുകൂട്ടുകാരന്മാര്‍ക്ക് നല്‍കിയാണ് പ്രവേശനോത്സവം ഗംഭീരമാക്കിയത്. ചിത്രക്കുട തണല്‍ പദ്ധതിയില്‍ സ്‌കൂളിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കാണ് കുടകള്‍ നല്‍കിയത്. കൃഷിവകുപ്പ്മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ചിത്രക്കുട തണല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
    സ്‌കൂള്‍ അങ്കണത്തില്‍ അണിനിരന്ന കുട്ടികള്‍ക്കൊപ്പം കൃഷിവകുപ്പ് മന്ത്രിയും അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കുടകള്‍ നിവര്‍ത്തി കുറേനേരം ചിലവിട്ടത് വേറിട്ടകാഴ്ചയായി. ചിത്രകലയെ പരിപോഷിപ്പിക്കുന്നതിനും അത് കുട്ടികളില്‍ എത്തിക്കുന്നതിനുമായാണ് ചിത്രക്കുട തണല്‍ പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി കലാകാരന്മാര്‍ സ്‌കൂള്‍ അങ്കണത്തില്‍ കുട്ടികളുടെ ചിത്രങ്ങളും വരച്ചു. കലാകാരന്മാരായ പി.ആര്‍. ജയകൃഷ്ണന്‍, ആഷിക് എം. സജീവ്, ഒ.സി. മാര്‍ട്ടിന്‍, പി.ബി.ജിബു, കെ.ബി.അനന്തകൃഷ്ണന്‍, സി.ജി. ഗോകുല്‍, സി.എസ്. അപര്‍ണ, അക്ഷയ്കുമാര്‍, കെ.ബി. ആതിര, കെ.ബി. ആന്റോ, പി.വി. പത്മപ്രിയ എന്നിവരാണ് കുടകളില്‍ ചിത്രങ്ങള്‍ വരച്ചത്. 
    പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ്മന്ത്രിക്ക് ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ ചിത്രക്കുട സമ്മാനിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം മന്ത്രി ഭക്ഷണവും കഴിച്ചു. യോഗത്തില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വത്സല ബാബുരാജ്, അയ്യന്തോള്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ലീല, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് ജേക്കബ്, പി.ടി.എ. പ്രസിഡണ്ട് പ്രകാശന്‍, അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി. സുധാകരന്‍, എം. ജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.    
 

date