പുത്തലത്ത്താഴം മാലിന്യപ്രശ്‌നം; ജില്ലാ ഭരണാധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു
കുറ്റിക്കാട്ടൂര്‍ മുണ്ടുപാലം റോഡ് പുത്തലത്ത്താഴം ശോഭാ ഗ്രൂപ്പ് ലേബര്‍ ക്യാമ്പിലെ കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വയലിലേക്കും പുഴയിലേക്കും ഒഴുക്കിവിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ കലക്ടര്‍ യു. വി ജോസ് എന്നിവര്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഉടന്‍ നല്‍കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, റവന്യു വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരോട് കലക്ടര്‍ ആവശ്യപ്പെട്ടു.
300 ഇതര സംസ്ഥാന തൊഴിലാളികളാണ് ലേബര്‍ ക്യാമ്പിലുള്ളത്. ഒരു മുറിയില്‍ എട്ട് പേരാണ് താമസിക്കുന്നത്. നിലവില്‍ 300 പേര്‍ക്ക് 1000 ലിറ്ററിന്റെ രണ്ട് സെപ്റ്റിക് ടാങ്കുകളാണുള്ളത്. രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്ന സ്ഥലങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. കക്കൂസ് മാലിന്യം തൊട്ടടുത്ത വയലുകളിലും പുഴയിലേക്കും ഒഴുക്കി വിടുന്നതായും ഇത് തങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായും പരിസരവാസികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ജില്ലാ കലക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തി. തഹസില്‍ദാര്‍ ഇ.അനിതകുമാരി, എന്‍വയണ്‍മെന്റ് അസിസ്റ്റന്റ് എഞ്ചിനിയര്‍ സൗമ ഹമീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
- Log in to post comments