Skip to main content

 എംപ്ലോയബിലിറ്റി സെന്റര്‍ ഇന്നുമുതല്‍                  കാസര്‍കോടിനും സ്വന്തം 

                  
    അഭ്യസ്തവിദ്യര്‍ക്ക് ഏതുമേഖലയില്‍ നിന്നും തൊഴില്‍ ലഭ്യമാക്കുന്നതിന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളോട് അനുബന്ധിച്ച് ആരംഭിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ഇന്നുമുതല്‍(ജൂണ്‍ 9) കാസര്‍കോട് ജില്ലയ്ക്കും സ്വന്തമാകും. സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നയത്തിന്റെ ഭാഗമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ തൊഴില്‍ നൈപുണ്യകേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നത്.  തൊഴില്‍ദാതാക്കളുമായി നേരിട്ടു സഹകരിച്ചും  തൊഴില്‍മേളകള്‍ സംഘടിപ്പിച്ചും യുവജനങ്ങള്‍ക്ക് തൊഴില്‍ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രവര്‍ത്തിക്കുക. സംസ്ഥാനത്തെ പത്താമത്തെ സെന്ററാണ് ജില്ലയില്‍ ആരംഭിക്കുന്നത്. 
    വിദ്യാനഗറിലെ സിവില്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ 'എ' ബ്ലോക്കിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ച് ആരംഭിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം ഇന്ന്(ജൂണ്‍ 9) രാവിലെ 10ന് തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എംപി  കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍, കാസര്‍കോട് നഗരസഭ അധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം,  വാര്‍ഡ് അംഗം സദാനന്ദന്‍, നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് ജോയിന്റ് ഡയറക്ടര്‍ എം.എ ജോര്‍ജ് ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കും.
 

date