ടൂറിസത്തിന്‍റെ സാധ്യതകള്‍ തദ്ദേശീയര്‍ക്ക് പ്രയോജനപ്പെടണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
ടൂറിസത്തിന്‍റെ അനന്തസാധ്യതകള്‍ തദ്ദേശീയര്‍ക്കുകൂടി പ്രയോജനപ്പെടണമെന്നതാണു സര്‍ക്കാര്‍ നയമെന്നു സഹകരണ-ടൂറിസം-ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂരില്‍ 22.5 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കിയുള്ള സമഗ്ര വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ടൂറിസം മേഖല ചൂഷണരഹിതമാക്കുന്നതിനായി നിയമനിര്‍മാണം നടത്തണം. ഇതോടെ നിയന്ത്രണങ്ങള്‍ വരുമെങ്കിലും അതെല്ലാം മേഖലയിലെ ഗുണഫലങ്ങളെ മുന്‍നിര്‍ത്തിയായിരിക്കും. ഈ മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇന്ത്യന്‍ ടൂറിസത്തില്‍ കേരള ടൂറിസം വളരെ മുന്നിലാണ്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്നതും ടൂറിസമാണ്. തീര്‍ഥാടന ടൂറിസത്തില്‍ മുന്നേറേണ്ടത് ഇക്കാലത്തിന്‍റെ ആവശ്യമാണ്. ഇതിന്‍റെ ഭാഗമായാണ് ഗുരുവായൂരില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള അതിഥി മന്ദിരം നിര്‍മിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
54,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് റൂം, സ്യൂട്ട് റൂം, പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് എന്നിവയുള്‍പ്പെടെ 55 മുറികള്‍ ആറുനിലകളിലായി നിര്‍മിക്കുന്ന മന്ദിരത്തി ലുണ്ടാകും. ബേസ്മെന്‍റ് ഫ്ളോറില്‍ പാര്‍ക്കിംഗ് സൗകര്യവും ഗ്രൗണ്ട് ഫ്ളോറില്‍ റസ്റ്റോറന്‍റ്, ബോര്‍ഡ് റൂം സൗകര്യവും ഉണ്ടായിരിക്കും. ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണു നിര്‍മാണ ചുമതല. രണ്ടുവര്‍ഷംകൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ. ശാന്തകുമാരി, ദേവസ്വം ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വാര്‍ഡ് കൗണ്‍സിലര്‍ ഷൈലജ ദേവന്‍, എം. കൃഷ്ണദാസ്, അഡ്വ. പി. മുഹമ്മദ് ബഷീര്‍, തോമസ് ചിറമ്മല്‍, പി.കെ. സെയ്താലിക്കുട്ടി, എം.പി. ഇക്ബാല്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. കേരള ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ സ്വാഗതം പറഞ്ഞു.
- Log in to post comments