ജൂണ്‍ ഒന്നിനകം ജില്ലയിലെ സ്കൂളുകള്‍ ശുചീകരിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്
ജില്ലയിലെ സ്കൂളുകള്‍ ജൂണ്‍ ഒന്നിനകം ശുചീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് പറഞ്ഞു. തൃശൂര്‍ ജില്ലാപദ്ധതി സംയുക്ത പ്രൊജക്ട് ബാലസൗഹൃദ ജില്ലയുടെ പ്രവര്‍ത്തനാരംഭ പരിപാടിയായ ഊര്‍ജിത ശുചീകരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം അയ്യന്തോള്‍ ജി വിഎച്ച്എസ് സ്കൂളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. അങ്കണവാടികളിലും സ്കൂളുകളിലും ശുചിത്വമുള്ള അന്തരീക്ഷമൊരുക്കണം. അതോടൊപ്പം ഇവയുടെ പരിസരങ്ങളും ശൗചാലങ്ങളും വൃത്തിയുള്ളതാക്കണം. മൂന്നുമാസത്തിലൊരിക്കല്‍ കിണറുകളും ചുറ്റുപാടുകളും ക്ലോറിനേഷന്‍ നടത്തുകയും ചെയ്യണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദേശിച്ചു. അയ്യന്തോള്‍ ജിവിഎച്ച്എസ് സ്കൂളിലെ കിണര്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ക്ലോറിനേഷന്‍ നടത്തിക്കൊണ്ടാണ്
ജില്ലയിലെ അങ്കണവാടി, സ്കൂളുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷതവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ആര്‍. മല്ലിക മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍. മായ, കൗണ്‍സിലര്‍ വത്സല ബാബുരാജ്, കെ. ലീല, സൂരജ് ശങ്കര്‍, ജി.കെ. പ്രേമകല, സുരേഷ് ജേക്കബ്, എന്‍. ശ്രീകുമാര്‍, പി.ജി. പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈസ്കൂള്‍ ടീച്ചര്‍ ഇന്‍ ചാര്‍ജ് എം. ജയലക്ഷ്മി സ്വാഗതവും സ്കൂള്‍ സ്റ്റാഫ് സെക്രട്ടറി ഷാലി കാതറിന്‍ നന്ദിയും പറഞ്ഞു. സ്കൂളിനോടു ചേര്‍ന്ന് ശുചീകരണ ഫലകവും സ്ഥാപിച്ചു.
- Log in to post comments