Skip to main content

റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാല്‍  കേരള ബാങ്ക് ഓണത്തിന്: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിച്ചാല്‍ മലയാളികള്‍ക്ക് ഓണസമ്മാനമായി കേരള ബാങ്ക് സമര്‍പ്പിക്കാനാമെന്ന് സഹകരണ - ദേവസ്വം - ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഏങ്ങണ്ടിയൂര്‍ ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.     
    ഒന്നരലക്ഷം കോടിയോളം രൂപ വിദേശ മലയാളികളുടെ നിക്ഷേപമായി സ്വകാര്യ, ദേശസാത്കൃത ബാങ്കുകളിലുണ്ട്. ഇതില്‍ 50 ശതമാനം നിക്ഷേപമെങ്കിലും സഹകരണ ബാങ്കുകളിലേക്ക് എ ത്തിക്കാന്‍ സാധിക്കണമെന്ന ലക്ഷ്യത്തോടെയാണ് കേരള ബാങ്ക് രൂപീകരിക്കുന്നത്. വിദേശത്തും സ്വദേത്തുമുള്ള മലയാളികള്‍ക്ക് പണം നിക്ഷേപിക്കാനുള്ള ആധുനിക സജ്ജീകരണങ്ങളോടെയാകും കേരള ബാങ്കിന്‍റെ രൂപീകരണം. സഹകരണ മേഖലയെ ആധുനികവത്കരിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. യുവനിക്ഷേപകരിലാണ് സഹകരണ മേഖലയുടെ ഭാവി. ആധുനികവത്കരണത്തിലൂടെ യു വാക്കളെ സഹകരണമേഖലയിലേക്ക് ആകര്‍ഷിക്കണം. ആധുനികമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ആര്‍ജ്ജിക്കാന്‍ സാധിക്കണം. കേരളത്തിലെ സഹകരണ പ്രസ്ഥാനമാണ് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളില്‍ ഒന്നാമത്. ഇന്ത്യയിലെ ആകെ സഹകരണ മേഖലയിലെ നിക്ഷേപത്തിന്‍റെ 50 ശതമാനം കേരള സഹകരണ മേഖലയില്‍ നിന്നാണ്. കേരള സഹകര ണ മേഖലയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഈ നേട്ടത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
    കഴിഞ്ഞ രണ്ടുവര്‍ഷക്കാലം കൊണ്ടു കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി പൂര്‍ണമായി അവസാനിപ്പിക്കാന്‍ സര്‍ക്കാരിനു സാധിച്ചു. കണ്‍സ്യൂമര്‍ഫെഡുകള്‍ ഇപ്പോള്‍ ലാഭത്തിന്‍റെ പാതയിലാണ്. ഇത് അഭിമാനാര്‍ഹമായ നേട്ടമാണ്. കേവലം നിക്ഷേപം സ്വീകരിക്കുകയും വായ്പ നല്‍കലും മാത്രമല്ല സഹകരണ ബാങ്കുകള്‍ നിര്‍വഹിക്കുന്നത്. നീതി മെഡിക്കല്‍ സ്റ്റോറുകള്‍, കണ്‍സ്യൂമര്‍ ടെക്സ്റ്റയില്‍സ്, വളം - കീടനാശിനി വിതരണ ഷോപ്പുകള്‍, കാര്‍ഷിക അനുബന്ധ ഉപകരണങ്ങളുടെ വില്‍പ്പന, വിവിധ നീതി സ്റ്റോറുകള്‍, മൊബൈല്‍ ഫ്രീസര്‍, ഇക്കോഷോപ്പുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ ആശുപത്രികള്‍ തുടങ്ങി  ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുന്ന വിവിധ മേഖലകളില്‍ സജീവമായി ഇടപെടുന്ന പ്രസ്ഥാനമാണ് കേരളത്തിലെ സഹകരണ ബാങ്കുകളെന്ന് മന്ത്രി പറഞ്ഞു.
    കെ.വി. അബ്ദുള്‍ ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബാങ്കിന്‍റെ പുതിയ കെട്ടിടം രൂപകല്പന ചെയ്ത സുജേഷ്, പി.ജെ. വില്‍സന്‍ എന്നിവരെ ആദരിച്ചു. ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഉദയന്‍ തോട്ടപ്പുള്ളി വളം ഗോഡൗണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മഞ്ജുള അരുണന്‍ എടിഎമ്മും തൃശൂര്‍ അഡീഷണല്‍ രജിസ്ട്രാര്‍ സി.വി. ശശിധരന്‍ സേഫ് ഡെപ്പോസിറ്റ് ലോക്കറും ഉദ്ഘാടനം ചെയ്തു. നാട്ടിക റൂറല്‍ ബാങ്ക് മുന്‍ പ്രസിഡന്‍റ് പി.എം. അഹമ്മദ് ബാങ്കിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.             ബാങ്കിന്‍റെ തനതു ഫണ്ടില്‍നിന്നും ഒന്നര കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്‍റെ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. ബാങ്ക് ഹെഡ്ഓഫീസ്, വളം ഗോഡൗണ്‍, എടിഎം, സ്ട്രോങ് റൂം, ലോക്കര്‍ സംവിധാനം എന്നിവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. രണ്ടാംഘട്ടത്തില്‍ പുതിയ കെട്ടിടത്തോടു ചേര്‍ന്ന് മെഡിക്കല്‍ ഷോപ്പ്, മെഡിക്കല്‍ ലാബ്, ടെക്സ്റ്റയില്‍സ്, കാര്‍ഷിക ഉത്പന്ന- ഉപകരണ ഷോപ്പ് എന്നിവ നിര്‍മിക്കും.
    തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പരന്തന്‍ ദാസന്‍, തൃശൂര്‍ ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍) ടി.കെ. സതീഷ് കുമാര്‍, ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ  ബീന ശശാങ്കന്‍, കെ. ഇര്‍ഷാദ്, പി.വി. സുരേഷ്, സുമയ്യ സിദ്ധീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. ബാങ്ക് പ്രസിഡന്‍റ് എം.എ. ഹാരിസ് ബാബു സ്വാഗതവും ഡയറക്ടര്‍ മഞ്ജു ഉണ്ണി നന്ദിയും പറഞ്ഞു.

date