സഹകരണ ബാങ്കുകളില്‍ 1. 45 ലക്ഷം കോടി രൂപയുടെ നിക്ഷേപം : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ 1.45 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും ഇത് ഇന്ത്യയിലെ സഹകരണ നിക്ഷേപത്തിന്‍റെ 50 ശതമാനമാണെന്നും സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പാപ്പിനിവട്ടം സഹകരണ ബാങ്കിന്‍റെ പുന്നക്കബസാര്‍ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ പ്രസ്ഥാനത്തില്‍ കേരളം ഇന്ത്യക്ക് മാത്യകയാണ്. കഴിഞ്ഞ 2 വര്‍ഷം കൊണ്ട് കണ്‍സ്യൂമര്‍ഫെഡ് പൂര്‍ണ്ണമായും അഴിമതി രഹിതമാക്കി. 3000 ത്തിലധികം ഓണചന്തകളും 1200 ഓളം സ്റ്റുഡന്‍ഡ്സ് മാര്‍ക്കറ്റുകളും തുടങ്ങി. ക്ഷേമത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളുമായാണ് സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനം. പ്രവാസികളുടെ ഒന്നരലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് വിവിധ ബാങ്കുകളിലായുള്ളത്. ഈ നിക്ഷേപം സഹകരണ ബാങ്കുകളിലേക്ക് ലഭിച്ചാല്‍ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാക്കി സഹകരണ പ്രസ്ഥാനത്തെ മാറ്റാനാകും. ഇപ്പോള്‍ ന്യൂജനറേഷന്‍ ബാങ്കുകളുമായി മല്‍സരിക്കാന്‍ സഹകരണബാങ്കുകളെ പ്രാപ്തമാക്കിയിരിക്കുകയാണെ ന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ബാങ്കിന്‍റെ അഡ്മിനിസ്റ്റ്രേറ്റീവ് ബ്ലോക്ക് ക്യഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എം എല്‍ എ ഇ ടി ടൈസണ്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇന്നസെന്‍റ് എം പി മുഖ്യാതിഥി യായിരുന്നു. പ്രൊഫ. കെ യു അരുണന്‍ എം എല്‍ എ കഴുവിലങ്ങ് എല്‍ പി സ്കൂളിന്‍റെ സ്മാര്‍ട്ട് ക്ലാസ്സ് മുറിയുടെ താക്കോല്‍ദാനം നടത്തി. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ 100 ശതമാനം നേടിയ വിദ്യാലയങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ മേരി തോമസ് ആദരിച്ചു.
ബാങ്കിന്‍റെ വൈവിധ്യവല്‍ക്കരണ പദ്ധതികളുടെ ഭാഗമായി ആധുനിക രീതിയിലുള്ള ഓഫ്സെറ്റ് പ്രസ്, തെങ്ങിന്‍തടി ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഫര്‍ണ്ണീച്ചര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും, എല്‍ ഇ ഡി ഉപയോഗിച്ച് മൂല്യവര്‍ദ്ധിത ഫര്‍ണ്ണീച്ചര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും, പാപ്സ്കോ ആപ്സ് ആന്‍ഡ് ഐ ടി സൊലൂഷന്‍സ് സോഫ്റ്റ് വെയര്‍ ഡെവലപ്മെന്‍റ് യൂണിറ്റ്, നൈപുണ്യ വികസന പദ്ധതികളുടെ പ്രഖ്യാപനം എന്നിവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കെ അബീദലി നടത്തി. ബാങ്കിന്‍റെ കീഴില്‍ ഓണ്‍ലൈന്‍ നഴ്സറി, കാര്‍ഷിക ലൈബ്രറി ഉദ്ഘാടനം മതിലകം പഞ്ചായത്ത് പ്രസിഡന്‍റ് ഇ ജി സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്‍റ് സി കെ ഗോപിനാഥന്‍, സെക്രട്ടറി ടി ബി ജിനി തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments